ജിഎസ്ടി: സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ കുറഞ്ഞ് 500 കോടിയിലായി

രാജ്യത്ത് ജിഎസ്ടി നടപ്പിലല്‍ വന്നതിന് ശേഷമുള്ള സംസ്ഥാനത്തിന്റെ നികുതി വരുമാനം കുത്തനെ താഴ്ന്നു. മുമ്പ് പ്രതിമാസം 1200 കോടി രൂപയോളം വാറ്റ് നികുതിയായി കിട്ടിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് 500 കോടിയിലായിരിക്കുകയാണ്. എന്നാല്‍ ഇതില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നിലപാടിലാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടി വരുന്നതോടെ നികുതി വരുമാനം 20 ശതമാനം വര്‍ധിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരിക്കുന്നത്.

വ്യാപാരികള്‍ക്ക് നികുതി അടയ്ക്കാന്‍ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി വരുമാനം 1000 കോടി കവിയുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതില്‍ 80,000 പേര്‍ ഇതുവരെ ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിക്കുകയും ഇവരില്‍ 30,000 പേര്‍ നികുതി അടയ്ക്കുകയും ചെയ്തു.

ഇവര്‍ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണ് സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്. ബാക്കി, കേന്ദ്രത്തിന് റിട്ടേണ്‍ നല്‍കിയവരില്‍ അര ലക്ഷത്തോളം വ്യാപാരികള്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടുന്നതിനാല്‍ ഇനി കാര്യമായി നികുതി അടയ്ക്കേണ്ടി വരില്ല. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ളവരില്‍ പകുതിയിലേറെ പേര്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാണ് സാധ്യത. അതിനാല്‍ അവരില്‍ നിന്ന് ജൂലൈ മാസത്തേ നികുതി ലഭിക്കാനിടയില്ല.

കേരളത്തിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം കൈമാറിയിട്ടില്ല. ഇത് ലഭിക്കുമ്പോള്‍ വരുമാനം ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. അപ്പോള്‍ വാറ്റില്‍ നിന്ന് ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിന് കിട്ടും. വ്യാപാരികള്‍ക്ക് പിഴ കൂടാതെ ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി ഇന്നാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: