ജാര്‍ഖണ്ഡ് ഗോ രക്ഷാ കൊലപാതകം; 11 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്

റാഞ്ചി: ജാര്‍ഖണ്ഡില്‍ ഗോ രക്ഷയുടെ പേരില്‍ നടന്ന കൊലപാതകത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 11 പ്രതികളുടെ ശിക്ഷ വിധി രംഗഡ് കോടതി ഇന്ന് പ്രഖ്യാപിക്കും. 11 പ്രതികള്‍ക്കുമെതിരെ കൊലപാതക കുറ്റവും 3 പ്രതികള്‍ക്ക് മേല്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റവുമാണ് ചുമതിയിട്ടുള്ളത്. ബീഫ് കൈവശം വെച്ചു എന്നാരോപിച്ചു കഴിഞ്ഞ വര്‍ഷം ജൂണിലാണ് അലിമുദ്ദിന്‍ എന്ന ആളെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയത് എന്നു കോടതി കണ്ടെത്തിയിരുന്നു. ബിജെപി പ്രാദേശിക നേതാവും കേസില്‍ പ്രതിയാണ്.

ഗോ സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് തൊട്ടു പിന്നാലെയാണ് ബീഫ് കൈവശം വെച്ചെന്നാരോപിച്ച് അലിമുദ്ദിന്‍ എന്ന് വിളിക്കുന്ന അസ്ഗര്‍ അന്‍സാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അന്‍സാരി മാരുതി വാനില്‍ ബീഫ് കടത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഭജര്‍ദന്ത് ഗ്രാമത്തിന് സമീപമുള്ള ക്ഷേത്രത്തിന് മുന്നില്‍ അലിമുദ്ദിന്റെ വണ്ടി തടഞ്ഞ് നിര്‍ത്തിയാണ് ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദനത്തിന് മുതിര്‍ന്നത്. തുടര്‍ന്ന് അലിമുദ്ദിന്‍ സഞ്ചരിച്ച മാരുതി വാന് ഇവര്‍ തീവെച്ചു.

പൊലീസ് ഇയാളെ രക്ഷിച്ച് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകം മുന്‍ കൂട്ടി ആസുത്രണം ചെയ്തതാണെന്ന് സംശയിക്കുന്നുവെന്ന് എഡിജിപി ആര്‍കെ മാലിക് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. അലിമുദ്ദിന്റെ പേരില്‍ കൊലപാതകക്കേസും, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസും രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും കന്നുകാലി വ്യാപാരികളായ ചിലര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും എഡിജിപി വെളിപ്പെടുത്തിയിരുന്നു.

 

ഡികെ

Share this news

Leave a Reply

%d bloggers like this: