ജസ്ന തിരോധാനം; ഇരുട്ടില്‍ തപ്പി പോലീസ്; ദുരൂഹത തുടരുന്നു

മാര്‍ച്ച് 22ന് കാണാതായ, കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജസ്ന മരിയ ജെയിംസിന്റെ തിരോധാനം മൂന്നര മാസം പിന്നിടുമ്പോളും ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്. ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തും അന്യസംസ്ഥാനങ്ങളിലും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും, ജസ്നയെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു നല്‍കാനുള്ള പാരിതോഷികം രണ്ടില്‍ നിന്ന് അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്തുന്നതിനുള്ള ആശാവഹമായ ഒരു വഴിയും പോലീസിനു മുന്നില്‍ തുറന്നുകിട്ടിയിട്ടില്ല.

മുണ്ടക്കയത്തെ വീട്ടില്‍നിന്നും ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് ജസ്ന പോയതെന്നു പറയുന്നു. മൊബൈല്‍ ഫോണും പഴ്സും പോലും എടുത്തിരുന്നില്ല. ബെംഗളൂരു, ഗോവ, ചെന്നൈ എന്നിവിടങ്ങളില്‍ എല്ലാം പോലീസ് പരിശോധന നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അരിച്ചു പെറുക്കിയിട്ടും ജസ്നയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ജസ്നയെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന സംശയവും ഉയര്‍ന്നു. ഇതിന്റെ ഭാഗമായി അന്യസംസ്ഥാനങ്ങളില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങളും പോലീസ് പരിശോധിച്ചിരുന്നു. തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് പരിശോധന നടത്തിയത്. ഇതുവരെ മൂന്ന് മൃതദേഹങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. മറ്റ് സംസ്ഥാനങ്ങളിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. ലക്ഷക്കണക്കിന് ഫോണ്‍ കോളുകളും കാട്ടിലും നാട്ടിലുമുള്ള അന്വേഷണവുമൊന്നും ഒരിടത്തും എത്തിയിട്ടില്ല. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ഏറ്റവും ഒടുവിലായി കിട്ടിയിരിക്കുന്ന കച്ചിത്തുരുമ്പ്. സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് കാണായാതായ ജസ്ന തന്നെയെന്നാണ് പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അതേസമയം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘം ബെംഗളൂരുവിലേക്കും തിരിച്ചു.

വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഫോട്ടോയും ദൃശ്യങ്ങളും പരിശോധിച്ചശേഷമാണ് സി.സി.ടി.വിയില്‍ കണ്ടത് ജസ്നയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടും മറ്റാരേയും കണ്ടെത്താനും സാധിച്ചിട്ടില്ല. സഹപാഠികളില്‍ ചിലരും അധ്യാപകരും ദൃശ്യങ്ങള്‍ കണ്ടശേഷം ജസ്നയാണെന്ന് ഉറപ്പുപറയുന്നു. എന്നാല്‍ ദൃശ്യങ്ങളിലുള്ളത് ജസ്നയല്ലെന്നാണ് കുടുംബാഗംങ്ങള്‍ പറയുന്നത്. ഇതാണ് പൊലീസിനെ കുഴയ്ക്കുന്നത്. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പൊലീസിന്റെ പക്കലുള്ള ഏക തെളിവും ഈ ദൃശ്യങ്ങളാണ്. കാണാതായ അന്ന് രാവിലെ 11.44 ന് മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തുകൂടി ജസ്നയോട് സാദൃശ്യമുള്ള പെണ്‍കുട്ടി നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ആറുമിനിറ്റിന് ശേഷം ജസ്നയുടെ ആണ്‍ സുഹൃത്തിനേയും സി.സി.ടി.വി. ദൃശ്യങ്ങളില്‍ കാണാം. കഴിഞ്ഞദിവസം എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിലും ദൃശ്യങ്ങളിലുള്ളത് ജസ്നയാണെന്നാണ് പൊതുവിലയിരുത്തല്‍.

ജസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ആ അന്വേഷണം ചെങ്ങന്നൂരിലെ അനാഥാലയത്തിലെ ചാണകക്കുഴി വരെ എത്തി. അനാഥാലയത്തില്‍ നടത്തിയ പരിശോധനയില്‍ ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും ചില അസ്ഥിക്കഷങ്ങള്‍ പോലീസ് കണ്ടെടുത്തത് നിര്‍ണായക വഴിത്തിരിവാകുമോ എന്നും പ്രതീക്ഷിക്കുന്നു. ജസ്ന മരണപ്പെട്ടുവോ എന്നുപോലും സംശയിക്കത്തക്ക വിധത്തിലാണ് നിലവില്‍ കാര്യങ്ങളുടെ കിടപ്പ്. വിശദാംശങ്ങള്‍ ഇത്തരത്തിലാണ്: ചെങ്ങന്നൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രദീപ് കോശി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജസ്നയുടെ തിരോധാനം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അസ്ഥികള്‍ കണ്ടെടുത്ത ചെങ്ങന്നൂര്‍ മുളക്കുഴിയിലെ അനാഥാലയത്തിന് എതിരെയാണ് പരാതി നല്‍കിയത്. കാണാതായ ജസ്ന ഉള്‍പ്പെടെ നിരവധി പേരെ ഈ അനാഥാലയത്തില്‍ എത്തിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.

ഇത്തരത്തില്‍ അനാഥാലയത്തില്‍ എത്തിച്ചവരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാഥാലയത്തിലെ തൊഴുത്തിന് സമീപത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നും പ്രദീപ് കോശിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇത് പ്രകാരമാണ് പോലീസ് അനാഥാലയത്തിലെ ചാണകക്കുഴിയില്‍ തെരച്ചില്‍ നടത്തിയത്. ഈ ചാണകക്കുഴി സ്ഥിതി ചെയ്യുന്നത് വാഹനങ്ങള്‍ക്ക് കടന്ന് ചെല്ലാന്‍ സാധിക്കാത്ത ഭാഗത്താണ്. നാല് അറകളാണ് ചാണകക്കുഴിക്ക് ഉള്ളത്. അനാഥാലയത്തിലെ അന്തേവാസികളില്‍ ചിലരേയും തൊഴിലാളികളേയും ഉപയോഗിച്ച് ചാണകം വാരിമാറ്റിയാണ് തെരച്ചില്‍ നടത്തിയത്. മൂന്ന് ദിവസത്തോളം നീണ്ട തെരച്ചിലില്‍ കണ്ടെത്തിയ അസ്ഥിക്കഷണങ്ങള്‍ മനുഷ്യരുടേതാണോ എന്നറിയുന്നതിന് വേണ്ടി പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അസ്ഥിക്കഷങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ പോലീസ് വീണ്ടും അനാഥാലയത്തില്‍ പരിശോധന നടത്തി. ഏതാണ്ട് ഏഴ് ഏക്കറിലാണ് ചെങ്ങന്നൂര്‍ മുഴക്കുഴിയിലെ വിവാദ അനാഥാലയം സ്ഥിതി ചെയ്യുന്നത്. ജസ്നയെക്കുറിച്ച് വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കാന്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ജസ്നയുടെ ആണ്‍സുഹൃത്തിനെ ചോദ്യം ചെയ്തിരുന്നു. ആണ്‍സുഹൃത്ത് ആയിരത്തോളം തവണ ജസ്നയെ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ യുവാവിനുതന്നെയാണ് മരിക്കാന്‍ പോകുന്നുവെന്ന് സൂചിപ്പിച്ച് ജസ്ന എസ്എംഎസ് അയച്ചത്. യുവാവിനെ പറ്റി കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ചിലപ്പോള്‍ ഇയാളെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും.

ആണ്‍സുഹൃത്തിനേയും പിതാവിനേയും ഇതിനോടകം പതിനഞ്ച് തവണ പോലീസ് ചോദ്യം ചെയ്തു. ആണ്‍സുഹൃത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ജസ്ന വിളിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയായ മറ്റൊരു സഹാപാഠിയേയും പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. കേസില്‍ പിതാവ് ജെയിംസിനേയും ഒരു ഘട്ടത്തില്‍ പോലീസ് സംശയിച്ചിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജെയിംസിന്റെ നിര്‍മാണത്തിലിരുന്ന വീടിന്റെ തറ തുരന്ന് പോലീസ് പരിശോധന നടത്തിയിരുന്നു. മുണ്ടക്കയം ബസ് സ്റ്റാന്റിനു സമീപത്തെ സിസിടിവിയില്‍ കണ്ട പെണ്‍കുട്ടി ജസ്ന തന്നെയാണെന്ന് നാട്ടുകാരും കൂട്ടുകാരും തറപ്പിച്ചു പറയുമ്പോളും വീട്ടുകാര്‍ അത് ജസ്നയല്ല എന്നു പറയുന്നതാണ് അന്വേഷണത്തില്‍ കരടായി നില്‍ക്കുന്നത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: