ജലക്കരം അമ്പത് ശതമാനം പേര്‍ നല്‍കിയതായി ഐറിഷ് വാട്ടര്‍…സംശയമുണ്ടെന്ന് മര്‍ഫി

ഡബ്ലിന്‍: ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ ജലക്കരം നല്‍കുന്നവരുടെ നിരക്ക് അമ്പത് ശതമാനം കടന്നുവെന്ന് ഐറിഷ് വാട്ടര്‍. സര്‍ക്കാരിനെ സംബന്ധിച്ചിത് ഏറെക്കുറെ ആശ്വാസമാണ്. നിലവില്‍ വാട്ടര്‍ ഗ്രാന്‍റ് അപേക്ഷകള്‍ക്ക് പോലും ജനങ്ങളില്‍ നിന്ന് തണുത്ത പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ വാട്ടര്‍ ചാര്‍ജ് പ്രതിഷേധങ്ങളാകട്ടെ ശക്തമായി തന്നെ മുന്നോട്ട് പോകുകയും ചെയ്യുന്നു. ഒരു ലക്ഷം വരുന്ന പുതിയ ഉപഭോക്താക്കള്‍ ബില്ലുകള്‍ രണ്ടാം സൈക്കിള്‍ ആരംഭിച്ചതിന് ശേഷം ജലക്കരം നല്‍കിയതായി ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു.

ജനുവരി മുതലായിരുന്നു ആദ്യ ബില്‍ തുടങ്ങിയത്. ഫെബ്രുവരി മാര്‍ച്ച് എന്നീ മാസങ്ങളിലായി തുടര്‍ന്ന് 675,000 വീടുകള്‍ ബില്ല് അടച്ചതായും ഐറിഷ് വാട്ടര്‍ അവകാശപ്പെടുന്നുണ്ട്.  1.5 മില്യണ്‍ ഉപഭോക്താക്കളാണ് ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് കമ്പനിയുടെ കണക്ക്. ഇതില്‍ ഇത് വരെ 775000 പേര്‍ കരം നല്‍കിയെന്നും പറയുന്നു. രണ്ടാം ബില്ലിങ് ഇനിയും അവസാനിച്ചിട്ടില്ല. ആദ്യവട്ടം കരം നല്‍കിയവര്‍ രണ്ടാം വട്ടവും കരം നല്‍കുന്നത് ശുഭകരമായാണ് കമ്പനി കാണുന്നത്. ഇത് കൂടെയും ഉപഭോക്താക്കള്‍ കരം നല്‍കാന്‍ മുന്നോട്ട് വരുന്നതും ആശാവഹമാണ്. വരുന്ന ആഴ്ച്ചകള്‍ക്കുള്ളില്‍ പൂര്‍ണ തോതിലുള്ള കണക്കുകള്‍ ലഭിക്കും.

ഡയറക്ട് ഡെബിറ്റായി  കരം നല്‍കുന്നതില്‍ നിന്ന് ഒരു വിഭാഗം ആളുകള്‍ മാറിപോകുമ്പോള്‍ തന്നെ രണ്ടാമത് ബില്ല് നല്‍കുന്നതില്‍ ഇതേ രീതി തിരഞ്ഞെടുക്കുന്നവര്‍ കൂടുതലാണ്. ഇത് മൂലം ഡയറക്ട് ഡെബിറ്റ് രീതി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ആദ്യ വട്ടം കരം പിരിച്ചപ്പോള്‍ നാല്‍പത് ശതമാനം ഉപഭോക്താക്കളെ കരം നല്‍കാന്‍ തയ്യാറായിരുന്നുള്ളൂ എന്നത് കമ്പനിക്ക് നിരാശ പകരുന്നതായിരുന്നു.എന്നാല്‍ കണക്കുകളില്‍ പരിസ്ഥിതി മന്ത്രി അലന്‍ കെല്ലി സംതൃപ്തി പ്രകടിപ്പിക്കുകയുമായിരുന്നു. ഇതിനിടെയാണ് യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക് ഏജന്‍സിയായ യൂറോസ്റ്റാറ്റ് ഐറിഷ് വാട്ടറിന്‍റെ ചെലവുകളെ സര്‍ക്കാര്‍ ബഡ്ജറ്റ് ചെലവില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും പറ‍ഞ്ഞത്. ഇതാകട്ടെ കരം കാര്യമായി ലഭിക്കാതെ മുന്നോട്ട് കെണ്ട് പോയിരുന്ന ഐറിഷ് വാട്ടറിനും സര്‍ക്കാരിനും തിരിച്ചടി ആവുകയും ചെയ്തു.

ഐറിഷ് വാട്ടറിന് സ്വന്തമായി നിലനില്‍പ്പ് അംഗീകരിച്ച് കിട്ടണമെങ്കില്‍ സ്ഥാപനത്തിന്‍റെ വരുമാനം പകുതിയും ഉപഭോക്താക്കളില്‍ നിന്ന് കരമായി  ലഭിക്കുന്നതാകണം. നിലവില്‍ അമ്പത് ശതമാനം പേര്‍ കരമടച്ചതോടെ സര്‍ക്കാരിന് ആശ്വാസമാണ്. അതേ സമയം ജലക്കരത്തിന് എതിരായ ക്യാംപെയിനുകളുടെ വിജയമാണ് മന്ദഗതിയിലുള്ള പ്രതികരണങ്ങളെന്ന് പ്രതിഷേധക്കാരില്‍ നേതൃസ്ഥാനത്തുള്ള ടിഡി പോള്‍ മര്‍ഫി പ്രതികരിച്ചു. സര്‍ക്കാരിനും ഐറിഷ് വാട്ടറിനും ഒരു പോലെ പ്രതിസന്ധി സൃഷ്ടിക്കാനും ജലക്കരം ഏര്‍പ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കാനും ജനസമ്മര്‍ദം കാരണമാകും. പുതിയ കണക്കുകളെ സംശയത്തോടെയാണ് കാണുന്നതെന്നും മര്‍ഫി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: