ജലഉപയോഗം പരിധി കടന്നാല്‍ പിഴ അടക്കേണ്ടി വരും: പുതിയ നിയമം 2020 മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍: ഓരോ വീടിനും നിശ്ചയിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ വെള്ളം ഉപയോഗിച്ചാല്‍ പിഴ ഈടാക്കപ്പെടുന്ന നിയമം വരും വര്‍ഷങ്ങളില്‍ നടപ്പിലാകും. ഒരു ലക്ഷം കുടുംബങ്ങളെ നിയമം നേരിട്ട് ബാധിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍ത്തലാക്കപ്പെട്ട വാട്ടര്‍ ചാര്‍ജ്ജ് മറ്റൊരു തരത്തില്‍ തിരിച്ച് കൊണ്ടുവരികയാണ് സര്‍ക്കാര്‍ ഇതിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് പരക്കെ ആക്ഷേപം ഉയരുകയാണ്.

ഫൈന്‍ ഗെയില്‍, ഫിയാന ഫോള്‍ പാര്‍ട്ടികളുടെ സംയുക്ത തീരുമാനത്തെ തുടര്‍ന്നാണ് അധിക ജല ഉപയോഗബില്‍ പാസാക്കിയെടുത്തത്. പ്രത്യക്ഷത്തില്‍ വാട്ടര്‍ ബില്‍ ഇല്ലാതിരിക്കുകയും എന്നാല്‍ പ്രവര്‍ത്തി തലത്തില്‍ പിഴ അടക്കുന്നതിലൂടെ വാട്ടര്‍ബില്‍ നല്‍കേണ്ടിയും വരുന്ന നിയമമാണ് വരാനിരിക്കുന്നത്. പിഴ അടക്കുന്നതിലൂടെ വാട്ടര്‍ അതോറിറ്റിയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഓരോ കുടുംബത്തിനും വ്യത്യസ്ത അളവില്‍ വെള്ളം ഉപയോഗിക്കാം. നിശ്ചിത പരിധിവിട്ടാല്‍ പിഴ ഈടാക്കപ്പെടുകയും ചെയ്യും. ഒരു വര്‍ഷം കൊണ്ട് ഐറിഷ് വാട്ടറിന് ലക്ഷക്കണക്കിന് യൂറോ വരുമാനം നേടിക്കൊടുക്കുന്നതാണ് നിര്‍ദ്ദിഷ്ട പദ്ധതി.

കൂടുതല്‍ ആളുകളില്‍ നിന്നും പിഴ ഈടാക്കാന്‍ വെള്ളത്തിന്റെ പരിധി കുറക്കുകയാണെങ്കില്‍ വന്‍തോതിലുള്ള പ്രതിഷേധങ്ങള്‍ രാജ്യവ്യാപകമായി തന്നെ സംഘടിപ്പിക്കപ്പെട്ടേക്കും. ജലവിതരണവുമായി ബന്ധപ്പെട്ട ചോര്‍ച്ച പ്രശ്‌നങ്ങള്‍ അയര്‍ലണ്ടില്‍ ഇതുവരെയും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. ചോര്‍ച്ച അടച്ചാല്‍ ജലനഷ്ടം തടയാന്‍ കഴിയുമെന്നിരിക്കെ അമിത വെള്ള ഉപയോഗത്തിന്റെ പേരില്‍ പിഴ ഈടാക്കപ്പെടുന്ന നടപടിക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അമിത വെള്ളം ഉപയോഗിക്കുന്നവരില്‍ നിന്നും ഈടാക്കപ്പെടുന്ന പിഴ അറ്റകുറ്റ പണികള്‍ക്ക് വേണ്ടി വിനിയോഗിക്കാനാവും എന്നതാണ് ജല അതോറിറ്റിയുടെ മറുപടി. പിഴ ഈടാക്കുന്നതോടൊപ്പം ജലത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ആവശ്യവും ശക്തമാണ്.

കഴിഞ്ഞ 2 വര്‍ഷങ്ങള്‍ക്കിടയില്‍ ഐറിഷ് വാട്ടറിന്റെ വിവിധ ജലകേന്ദ്രങ്ങളില്‍ നിന്നും വരുന്ന പൈപ്പ് ലൈനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഹോട്ട് വാട്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളത്തില്‍ പലതരത്തിലുള്ള മാരക വസ്തുക്കള്‍ കൂടിക്കലര്‍ന്നതിനെ തുടര്‍ന്നായിരുന്നു മുന്നറിയിപ്പ് പ്രഖ്യാപിക്കപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ ഹോട്ട് വാട്ടര്‍ മുന്നറിയിപ്പുകളാണ് നല്‍കിയിരുന്നത്. ഇ.യു നിഷ്‌കര്‍ഷിക്കുന്ന ജലഗുണ നിലവാരം ഉറപ്പാക്കാന്‍ ഐറിഷ് വാട്ടറിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഇതിനിടയില്‍ അമിത വെള്ളം ഉപയോഗിച്ചു എന്ന കാരണത്തിന് പിഴ അടക്കുക എന്നത് മറ്റൊരു അര്‍ത്ഥത്തില്‍ വാട്ടര്‍ ബില്‍ അടയ്ക്കുന്നതിന് തുല്യമായിരിക്കും. ഈ നിയമത്തിനെതിരെ വന്‍ പ്രതിഷേധങ്ങളായിരിക്കും വരും ദിവസങ്ങളില്‍ അരങ്ങേറുക എന്നാണ് സൂചന.

 

 

എ എം

Share this news

Leave a Reply

%d bloggers like this: