ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടിയെ ഇനി അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോവര്‍ നയിക്കും

ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിന്റെ പാര്‍ട്ടിയെ (ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി) ഇനി അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോവര്‍ നയിക്കും. പാര്‍ട്ടി നേതൃ സ്ഥാനം ഒഴിയുമെന്ന് മെര്‍ക്കല്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം 2021ല്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ ചാന്‍സലറായി തുടരും. അന്നിഗ്രറ്റ് കാരന്‍ബോവര്‍ കടുത്ത കത്തോലിക്ക യാഥാസ്ഥിതിക നിലപാടുകാരിയാണ്. ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ശതകോടീശ്വരനായ വ്യവസായി ഫ്രെഡ്റിച്ച് മെര്‍സിനെ പരാജയപ്പെടുത്തി അന്നിഗ്രെറ്റ് വിജയിച്ചത്.

വലതുപക്ഷ യാഥാസ്ഥിതികരുടേയും ഗ്രീന്‍സ് പാര്‍ട്ടിക്കാരുടേയും ആക്രമണോത്സുകമായ നിലപാടുകള്‍ക്കിടയില്‍ ജനപ്രിയത ഇടിഞ്ഞ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അന്നിഗ്രറ്റ് പറഞ്ഞതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരിയില്‍ അന്നിഗ്രെറ്റിനെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിയാന്‍ തീരുമാനിച്ച കാര്യം 63കാരിയായ ഏഞ്ചല മെര്‍ക്കല്‍ അറിയിച്ചത്.

അഭിപ്രായ സര്‍വേകള്‍ പ്രകാരം 56 ശതമാനം ജര്‍മ്മന്‍കാരുടെ പിന്തുണ ഇപ്പോളും ചാന്‍സലര്‍ മെര്‍ക്കലിനുണ്ട്. 2002ല്‍ ഫ്രെഡ്റിച്ച് മെര്‍സിനെ പരാജയപ്പെടുത്തിയാണ് ഏഞ്ചല മെര്‍ക്കല്‍ സിഡിയു ചെയര്‍പേഴ്സണായത്. കഴിഞ്ഞ 16 വര്‍ഷമായി സ്ഥാനത്ത് തുടരുകയാണ് അവര്‍. 2021ലെ തിരഞ്ഞെടുപ്പില്‍ സിഡിയുവ വിജയിക്കുകയാണെങ്കില്‍ സ്വാഭാവികമായും അന്നിഗ്രെറ്റ് കാരന്‍ബോവറിന്റേ പേര് ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരും.

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: