ജര്‍മ്മനിയെ ഞെട്ടിച്ച സൈബര്‍ ആക്രമണം; പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു

ബര്‍ലിന്‍: ജര്‍മനിയില്‍ ചാന്‍സ്ലര്‍ ആജ്ഞെലാ മെര്‍ക്കര്‍ അടക്കമുള്ള നൂറുകണക്കിനു പ്രമുഖരുടെ സ്വകാര്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തുകയും ഓണ്‍ലൈനില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. താമസസ്ഥലം, മൊബൈല്‍ നമ്പര്‍, കത്തുകള്‍, ഐഡന്റിറ്റി ഡോക്യുമെന്റ്സ് തുടങ്ങിയ, രാഷ്ട്രീയ നേതാക്കളുടെ സ്വകാര്യ വിവരങ്ങളും പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളുമടക്കമുള്ള രേഖകളുമാണ് ഹാക്കര്‍മാര്‍ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ആക്രമണത്തില്‍ നിന്നും പ്രതിരോധിച്ചതായി സൈബര്‍ ഡിഫന്‍സ് ഏജന്‍സി അറിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകര്‍, ചലച്ചിത്ര പ്രമുഖര്‍ എന്നിവരടക്കമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങളുള്‍പ്പെടെ സ്വകാര്യ ചാറ്റുകള്‍, സാമ്പത്തിക വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍ എന്നിവയാണ് ചോര്‍ന്നത്.

കഴിഞ്ഞ ഒക്ടോബറിന് മുന്‍പാണ് മുഴുവന്‍ വിവരങ്ങളും ചോര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ എന്നാല്‍ എപ്പോഴാണ് ഹാക്കിങ് തുടങ്ങിയതെന്ന് വ്യക്തമല്ല. ഗോഡ് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൌണ്ട് വഴിയാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്നാണ് കണ്ടെത്തി. 17000 പേര്‍ പിന്തുടരുന്ന ഈ അക്കൌണ്ട് ട്വിറ്റര്‍ അധികൃതര്‍ പിന്നീട് പൂട്ടിയിരുന്നു. ഹാക്കിങ്ങിന് പിന്നില്‍ ജര്‍മനിയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങളാണെന്നും റഷ്യയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ മാസം തന്നെ വിവരങ്ങള്‍ പുറത്തു വന്നിരുന്നെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് വാര്‍ത്തയായതോടയാണ് രാഷ്ട്രീയ നേതാക്കളും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നത്. ഹാക്കിങ്ങിന് പിന്നില്‍ ആരാണെന്ന് മനസ്സിലാക്കാനായിട്ടില്ലെന്നും സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് മാര്‍ട്ടിന ഫിയെറ്റ്സ് വ്യക്തമാക്കി. ജനാധിപത്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടവരാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനു പിന്നിലെന്നായിരുന്നു നിയമ മന്ത്രി കത്താരിനാ ബറേലിയുടെ പ്രതികരണം. വിവരങ്ങള്‍ ചോരുന്നത് തടയാന്‍ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷണറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: