ജര്‍മനി ഇന്ന് പോളിംഗ് ബൂത്തിലേക്ക്; മെര്‍ക്കല്‍ അധികാരത്തില്‍ തിരിച്ചെത്തുമോ എന്ന് ഉറ്റുനോക്കി ലോകം; തീവ്ര വലതുപക്ഷ സ്വാധീനവും നിര്‍ണ്ണായക ഘടകം

 

ജര്‍മനിയില്‍ ഇന്നു പൊതുതിരഞ്ഞെടുപ്പ് ചൂടിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ആഞ്ജല മെര്‍ക്കല്‍ അധികാരം നിലനിര്‍ത്തുമോയെന്നാണു ലോകം ഉറ്റു നോക്കുന്നത്. ചാന്‍സലര്‍ സ്ഥാനത്തേക്കു 63~കാരിയായ മെര്‍ക്കല്‍ അനായാസ വിജയം നേടുമെന്നാണു പ്രതീക്ഷ. എന്നാല്‍ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡമോക്രാറ്റിക് പാര്‍ട്ടിക്കു (സിഡിയു) പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷം ലഭിക്കില്‌ളെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കുന്ന സൂചന. യൂറോപ്യന്‍ യൂണിയന്‍ മുന്‍ അധ്യക്ഷന്‍ മാര്‍ട്ടിന്‍ ഷുള്‍സ് നയിക്കുന്ന സോഷ്യല്‍ ഡമോക്രാറ്റ് യൂണിയന്‍ (എസ്പിഡി) ആദ്യഘട്ടത്തില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ നിറം മങ്ങി. തീവ്ര ദേശീയവാദികളായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) യുടെ മുന്നേറ്റമാണു മെര്‍ക്കല്‍ നേരിടുന്ന പ്രധാന ഭീഷണി.

നിലവിലെ ചാന്‍സലറും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) സ്ഥാനാര്‍ഥിയുമായ ആംഗെലാ മെര്‍ക്കല്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ പുറത്തുവന്ന സര്‍വ്വെ ഫലങ്ങള്‍ മെര്‍ക്കലിന്റെ വിജയമാണ് പ്രവചിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകുമെന്നും എങ്കില്‍ മെര്‍ക്കലിന്റെ നേതൃത്വത്തില്‍ തൂക്കുമന്ത്രിസഭ രൂപീകരിക്കപ്പെടുമെന്നുമുള്ള വാദവും ശക്തമാണ്. മെര്‍ക്കലിനെതിരായ വോട്ടുകളുടെ വീര്യം ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഫ്രീം ഡെമോക്രാറ്റുകള്‍ക്ക് വലിയ വീഴ്ച സംഭവിച്ചാല്‍ മറ്റു ചെറുകക്ഷികളെ കൂട്ടുപിടിച്ച് ജെമൈക്ക മോഡല്‍ എന്നു വിശേഷിപ്പിച്ച് ഗ്രീന്‍പാര്‍ട്ടിയെ വശത്താക്കി ഭരണത്തിലെത്താമെന്നും സിഡിയു കണക്കുകൂട്ടുന്നു.

യൂറോപ്യന്‍ യൂണിയനിലെ പ്രബല സാമ്പത്തിക രാജ്യമെന്ന നിലയില്‍ ജര്‍മനിയിലെ തെരഞ്ഞെടുപ്പിന് ആഗോളപ്രാധാന്യമുണ്ട്. അതുകൊണ്ടു തന്നെ ലോകജനതയുടെ കണ്ണുകള്‍ ജര്‍മനിയിലേയ്ക്കാണ് ഉറ്റുനോക്കുന്നത്. ലോകത്തിലെ വ്യക്തിപ്രഭാവത്തില്‍ ഏറ്റവും മുന്നില്‍ തിളങ്ങിനില്‍ക്കുന്ന ഡോ.അംഗലാ മെര്‍ക്കല്‍(63) നാലാമൂഴവും ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേയ്ക്കു മല്‍സരിയ്ക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനും അവരെ പിന്താങ്ങി പുറകിലുണ്ട്.

അവസാനത്തെ ട്രെന്‍ഡില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി ക്രിസ്‌ററ്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ 36 മുതല്‍ 38 വരെ ശതമാനം ജനസമ്മതി നേടിയിട്ടുണ്ട്. എന്നാല്‍ മാര്‍ട്ടിന്‍ ഷുള്‍സിന്റെ എസ്പിഡി 21 ശതമാനത്തിലാണ് നിലയുറപ്പിച്ചിരിയ്ക്കുന്നത്. ഇത്തവണയും മെര്‍ക്കല്‍ നയിക്കുന്ന മുന്നണിയില്‍ ഫ്രീ ഡമോക്രാറ്റിക്കുകള്‍ പങ്കാളികളാണ്.

ആഗോള സാമ്പത്തിക മാന്ദ്യവും സാമ്പത്തിക തകര്‍ച്ചയും, കെടുകാര്യസ്ഥതയും മൂലം ഗ്രീസിനെയും പോര്‍ച്ചുഗലിനെയും സ്‌പെയിനിനെയും ഇറ്റലിയെയും, അയര്‍ലണ്ടിനെയും ഒക്കെ കടക്കെണി ഗ്രസിച്ചപ്പോള്‍ യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക ആസ്തിത്വത്തെയും യൂറോയുടെ നിലനില്‍പ്പിനെയും ഇവയൊക്കെ ബാധിച്ചുവെങ്കിലും ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ കര്‍ശനവും പ്രായോഗിക ഗണിത ശാസ്ത്രവുമാണ് യൂണിയനെ ഇത്രത്തോളം പിടിച്ചു നിര്‍ത്തിയത്. അതിന് ജര്‍മനിയുടെ സാമ്പത്തിക ഭണ്ഡാരത്തില്‍ നിന്നുതന്നെ കൈയ്യയച്ചു സഹായിക്കേണ്ടിയും വന്നു. ആരോഗ്യം, വിദ്യാഭ്യാസം, വാര്‍ധക്യ പരിചരണം എന്നീ മേഖലകളില്‍ തന്റെ സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രസംഗത്തിലും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള വാഗ്വാദത്തിലും മെര്‍ക്കല്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചത്.

ഇതിനിടയില്‍ സുനാമി പോലെ ജര്‍മനിയെ ഗ്രസിച്ച അഭയാര്‍ത്ഥി പ്രശ്‌നത്തിലെ മെര്‍ക്കലിന്റെ വിട്ടുവീഴ്ച ഒരു പരിധിവരെ ജര്‍മന്‍കാരുടെ മനസില്‍ നിന്നും മെര്‍ക്കലിനെ പറിച്ചെറിഞ്ഞെങ്കിലും അവര്‍ വീണ്ടും ജര്‍മന്‍കാരുടെ ഓമനയായി രാഷ്ട്രീയത്തില്‍ തിളങ്ങി. സാമ്പത്തിക അച്ചടക്കം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മെര്‍ക്കല്‍ എടുത്തുപറയുന്നു കടം വാങ്ങിയ പണം കൊണ്ടുള്ള വികസനം അസാധ്യമാണ്. യൂറോപ്പിന് എന്താണു സംഭവിച്ചതെന്നു നമ്മള്‍ കണ്ടതുമാണ്~ അവര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ അനായാസം അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേകളില്‍ വ്യക്തമാകുന്നത്. തുടരെ നാലാം വട്ടമാണ് അവര്‍ ചാന്‍സലര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നത്. ലോകത്തെ ഏറ്റവും ശക്തയായ വനിതായി ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്തതും മെര്‍ക്കലിനെത്തന്നെയാണ്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39/1 വ്യവസ്ഥ ചെയ്യുന്ന പ്രകാരം ജര്‍മനി ഫെഡറല്‍ റിപ്പബ്‌ളിക് ആയതിനു ശേഷം നടക്കുന്ന 19 ാമത്തെ പാര്‍ലമെന്റ് (ബുണ്ടസ്ടാഗ്) തെരഞ്ഞെടുപ്പാണ് സെപ്റ്റംബര്‍ 23 ന് നടക്കുന്നത്. ജര്‍മന്‍ ഭരണഘടനയുടെ 39ാം വകുപ്പിന്‍ പ്രകാരം ഒരാള്‍ക്ക് രണ്ട് വോട്ട് എന്ന രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 299 അംഗങ്ങളെ നേരിട്ടും ബാക്കിവരുന്ന 299 അംഗങ്ങളെ സംസ്ഥാന തലത്തിലും തെരഞ്ഞെടുത്താണ് പാര്‍ലമെന്റിലേയ്ക്ക് അയക്കുന്നത്. ആകെയുള്ള 598 അംഗങ്ങളെ കൂടാതെ 22 അംഗങ്ങളെ നോമിനേറ്റു ചെയ്ത് 630 അംഗങ്ങളാണ് പാര്‍ലമെന്റിലുള്ളത്. നാലുവര്‍ഷമാണ് പാര്‍ലമെന്റിന്റെ കാലാവധി. 18 വയസ് തികഞ്ഞവരും ജര്‍മന്‍ പൗരത്വവും തെരഞ്ഞെടുപ്പു തീയതിയ്ക്ക് മുമ്പ് കുറഞ്ഞപക്ഷം 3 മാസം ജര്‍മനിയില്‍ ഉള്ളവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. 61,5 മില്യന്‍ വോട്ടറന്മാര്‍ക്കാണ് ഇത്തവണ പോളിംഗില്‍ അര്‍ഹതയുള്ളത്. ജര്‍മനിയിലെ ജനസംഖ്യനിരക്ക് ഈ വര്‍ഷം ഏകദേശം 2% വര്‍ദ്ധിച്ചിട്ടുണ്ട്. പതിനാറു സംസ്ഥാനങ്ങളിലായി 82 മില്യന്‍ ജനങ്ങളാണ് രാജ്യത്ത് വസിക്കുന്നത്. ഇതില്‍ വോട്ടവകാശം ഉള്ളവരില്‍ 34,2 മില്യന്‍ സ്ത്രീകളും 32,1 മില്യന്‍ പുരുഷന്മാരും ഉള്‍പ്പെടുന്നു. ജര്‍മന്‍ പൗരത്വം സ്വീകരിച്ച വിദേശികളും ഇതില്‍പ്പെടും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16 അനുസരിച്ച് ഞായറാഴ്ചയോ, അവധി ദിവസമോ മാത്രമേ തെരഞ്ഞെടുപ്പ് ദിവസം ആകാവു എന്നു നിബന്ധനയുണ്ട്. ആകെയുള്ള 34 രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രന്മാരുമടക്കം ഈ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെമാനം 4600 ഓളം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന നിലയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ശ്രദ്ധാപൂര്‍വം വീക്ഷിക്കുന്നതാണ് ജര്‍മന്‍ തെരഞ്ഞെടുപ്പ്.

ജര്‍മനിയിലെ ദേശീയ പാതകളില്‍ വാഹനമോടിക്കുന്നതിന് വിദേശികളില്‍നിന്ന് നികുതി ഈടാക്കാനുള്ള നിര്‍ദേശം, യൂറോപ്യന്‍ യൂണിയന്റെ ഭാവി പരിപാടികള്‍, യുഎസും ജര്‍മനിയും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തെ സംഭവവികാസങ്ങള്‍, ഇരട്ട പൗരത്വം തുടങ്ങിയ വിഷയങ്ങള്‍ കാരണം വിദേശ രാജ്യങ്ങളും തെരഞ്ഞെടുപ്പിനെ ഉറ്റുനോക്കുന്നു.

ഇതിനിടെ വിദേശിവിരുദ്ധ പാര്‍ട്ടിക്ക് (എഎഫ്ഡി)പാര്‍ലമെന്റില്‍ പ്രവേശനം ഉറപ്പാക്കാന്‍ ഈ തെരഞ്ഞെടുപ്പോടെ സാധിക്കുമെന്നും പ്രവചനങ്ങള്‍ വരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മറപിടിച്ച് നിയോ നാസി പാര്‍ട്ടിയും തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതിനെതിരെ പോലീസ് ശക്തമായ നടപടികളും സ്വീകരിച്ചുവരുന്നു. സിഡിയു, സിഎസ്യു, എസ്പിഡി, എഫ്ഡിപി, ഗ്രീന്‍, ദ ലിങ്ക്, പിരാറ്റന്‍ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പിലെ പ്രമുഖ പാര്‍ട്ടികള്‍. രാവിലെ എട്ടുമണിമുതല്‍ വൈകിട്ട് ആറുമണിവരെയാണ് പോളിംഗ് സമയം. വൈകിട്ട് ഏഴുമണിയോടെ ഇെഞ്ഞെടുപ്പ് ഫലം പുറത്തുവരും. കക്ഷികളുടെ വിജയ നിലയും ആരായിരിയ്ക്കും ചാന്‍സലര്‍ എന്നും ഞായറാഴച രാത്രിയോടെ പ്രഖ്യാപിയ്ക്കും.

 

എ എം

 

Share this news

Leave a Reply

%d bloggers like this: