ജര്‍മനിയിലും ബീഫ് നിരോധനം നടപ്പാക്കാന്‍ ഉത്തരേന്ത്യന്‍ ലോബി; ഒറ്റകെട്ടായി നേരിട്ട് ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമാജം

ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഗസ്റ്റ് 31-ന് നടത്തിയ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റില്‍ ബീഫ് വിളമ്പുന്നതിനെതിരെ പ്രക്ഷോഭവുമായി ഉത്തരേന്ത്യക്കാര്‍ എത്തിയത് മേളയില്‍ ചില സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. ‘ഹിന്ദു സംസ്‌കാര’ത്തിന് എതിരാണ് ബീഫ് കഴിക്കുന്നതെന്ന് ഇവര്‍ വാദിക്കുകയും പ്രശ്‌നമുണ്ടാക്കുകയും ചെയ്തതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബീഫ് സ്റ്റാള്‍ ഉടന്‍ അടയ്ക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടതോടെ ക്രമാസമാധാനപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

കള്‍ച്ചറല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് 15-ഓളം സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇതില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ കേരള സമാജം കേരളത്തിന്റെ പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്ന് എന്ന നിലയില്‍ പൊറോട്ടയും ബീഫും തങ്ങളുടെ മെനുവില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു മഹാസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകരായ ഉത്തരേന്ത്യക്കാര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. ബീഫ് വിതരണം ചെയ്യാന്‍ പാടില്ലെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. ഇവര്‍ ഇക്കാര്യം സോഷ്യല്‍ മീഡിയ വഴിയും പ്രചരിപ്പിച്ചു.

ഇതോടെ കേരള സമാജം പ്രവര്‍ത്തകര്‍ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കുക മാത്രമല്ല, പരിപാടിയും ബഹിഷ്‌കരിച്ചു. പരിപാടി നടന്ന ശനിയാഴ്ചയക്കു മുമ്പു തന്നെ മെനുവില്‍ നിന്ന് ഇക്കാര്യങ്ങള്‍ നീക്കം ചെയ്തിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന മലയാളികള്‍ വ്യക്തമാക്കി. പരിപാടിയുടെ അന്ന് ഇത്തരത്തില്‍ അസഹിഷ്ണുത പടരുന്നത് ചൂണ്ടിക്കാട്ടി ഏതാനും മലയാളികള്‍ പ്രതിഷേധിക്കുകയും ചെയ്തു. Unity In Diversity, We Eat Decide What We Eat എന്നീ പ്ലക്കാര്‍ഡുകളും ഏന്തിയായിരുന്നു മലയാളികളുടെ പ്രതിഷേധം.

Share this news

Leave a Reply

%d bloggers like this: