ജയിലില്‍ ശശികലയ്ക്ക് രാജകീയ ജീവിതം; പുറത്തു പോയിരുന്നതായും റിപ്പോര്‍ട്ട്

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കര്‍ണാടകയിലെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വികെ ശശികലയ്ക്ക് ജയിലില്‍ രാജകീയസൗകര്യങ്ങള്‍ ലഭിക്കുന്നൂവെന്നതിനുള്ള തെളിവുകള്‍ പുറത്ത്. ജയിലില്‍ ഇഷ്ടാനുസരണം വിഹരിക്കുന്നതിനൊപ്പം ശശികല ഇടയ്ക്ക് പുറത്ത് ഷോപ്പിംഗിന് പോകുതിനടക്കമുള്ള സൗകര്യങ്ങളും അധികൃതര്‍ നല്‍കുന്നത് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.

മുന്‍തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികലയെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാലുവര്‍ഷത്തെ തടവിനാണ് സുപ്രീംകോടതി ശിക്ഷിച്ചത്. ജയലളിതയും കേസില്‍ പ്രതിയായിയിരുന്നു. ശശികലയെ കൂടാതെ സഹോദരഭാര്യ ഇളവരശിയും ശിക്ഷിക്കപ്പെട്ട് പരപ്പന ജയിലിലുണ്ട്. ഇവര്‍ക്കും ജയില്‍ അധികൃതര്‍ പ്രത്യേകസൗകര്യങ്ങള്‍ നല്‍കിയിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ശശികലയ്ക്ക് ജയില്‍ അധികൃതര്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങി അനധികൃത സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന് ജയില്‍ ഡിഐജിയായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥ ഡി.രൂപ നേരത്തെ റിപ്പോര്‍ട്ട് നല്കിയിരുന്നു. ജയില്‍ ഡിജിപിയും പണം കൈപ്പറ്റിയവരില്‍പ്പെടുമെന്നായിരുന്നു രൂപയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ചോര്‍ന്നിരുന്നു. റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നതിനെ തുടര്‍ന്ന് രൂപയെ ട്രാഫിക്കിലേക്ക് കര്‍ണാടക സര്‍ക്കാര്‍ മാറ്റിയിരുന്നു.

റിപ്പോര്‍ട്ടിനൊപ്പം ജയിലില്‍ ശശികലയ്ക്ക് വിഐപി പരിഗണന ലഭിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ജയിലില്‍ യാതൊരു നിന്ത്രണവുമില്ലാതെ ശശികല നടക്കുന്നതും ജയില്‍പുള്ളികള്‍ ധരിക്കേണ്ട വെള്ള വസ്ത്രത്തിന് പകരം പട്ട് സാരിയുടുത്ത് പൊലീസുകാരോട് കുശലാന്വേഷങ്ങള്‍ ചോദിച്ച് തന്റെ ഭക്ഷണ പാത്രവുമായി ഉല്ലസിച്ചുനടക്കുന്ന ശശികലയുടെ ദൃശ്യങ്ങളാണ് നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

ജയിലിലെ അഴിമതികളെക്കുറിച്ച് അന്വേഷിക്കുന്ന ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ഡി. രൂപ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ തെളിവായി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജയില്‍ വസ്ത്രങ്ങള്‍ ധരിക്കാതെ ശശികലയും ഇളവരശിയും പുറത്ത് പോയി തിരിച്ചുവരുന്നതിന്റെ ദൃശ്യങ്ങളാണ് രൂപ അന്വേഷണ സംഘത്തിന് കൈമാറിയത്. ഒരു ജയില്‍ ഗാര്‍ഡിന്റെ അകമ്പടിയോടെ വരുന്ന ഇരുവരുടെയും കൈയില്‍ ബാഗ് ഉണ്ട്. ഇരുണ്ട നിറത്തിലുള്ള കൂര്‍ത്തയാണ് ശശികലയുടെ വേഷം. ഇളവരശി സാരിയാണ് ധരിച്ചിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത, ശശികല, അനന്തിരവനായ വിഎന്‍ സുധാകരന്‍, ഇളവരശി എന്നിവരെ ബെംഗളൂരുവിലെ വിചാരണക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി ശിക്ഷ റദ്ദു ചെയ്തിരുന്നു. ഇതേതുടര്‍ന്ന് വിചാരണക്കോടതിയുടെ ശിക്ഷയേറ്റുവാങ്ങി ജയിലിലായിരുന്ന നാലുപേരും ജയില്‍നിന്ന് പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജയലളിത മുഖ്യമന്ത്രിസ്ഥാനം ഒ പനീര്‍ശെല്‍വത്തില്‍ നിന്ന് ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി, ജയലളിതയുടെ മരണത്തിന് പിന്നാലെ വിചാരണക്കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയും ഹൈക്കോടതി ഉത്തരവ് റദ്ദുചെയ്യുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ശശികലയും മറ്റ് രണ്ടുപേരും വീണ്ടും ബെംഗളൂരു ജയിലിലെത്തിയത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: