ജയറാം രമേശിന് പിന്നാലെ മോദി അനുകൂല നിലപാടുമായി ശശി തരൂര്‍

ന്യൂഡല്‍ഹി : മോദിയെ അനാവശ്യമായി വിമര്‍ശിക്കുന്നത് ശരിയല്ലെന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായത്തോട് യോജിച്ച് ശശി തരൂര്‍ എം.പി. എല്ലായ്‌പ്പോഴും മോദിയുടെ പ്രവര്‍ത്തനങ്ങളെ നെഗറ്റീവായി മാത്രം കാണേണ്ട കാര്യമില്ല. മോദി ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്ക് ഏതെല്ലാമോ വിധത്തില്‍ എത്തുന്നുണ്ടെന്നും അത് മനസ്സിലാക്കാതെ അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നാല്‍ ഇനിയും വിജയിക്കുന്നത് മോദി തന്നെയായിരിക്കുമെന്നുമായിരുന്നു ജയ്‌റാം രമേശ് പറഞ്ഞത്.

മോദിയെ എല്ലായ്‌പ്പോഴും അധിക്ഷേപിക്കുന്നതും ഒറ്റതിരിഞ്ഞ് വ്യക്തിപരമായ ആക്രമിക്കുന്നതും ഗുണകരമാകുന്നത് മോദിക്കു തന്നെയാണെന്ന് ചൂണ്ടിക്കാട്ടി ജയ്‌റാം രമേശിനു പിന്തുണയുമായി അഭിഷേക് മനു സിംഘ്വിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതേ കാര്യം തന്നെയാണ് താന്‍ 6 വര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. 2014നും 2019നും ഇടയില്‍ മോദി നടത്തിയ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്നാണ് ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കഴിഞ്ഞദിവസം ജയ്‌റാം രമേശ് പറഞ്ഞത്.

ആ പ്രവര്‍ത്തനം കൊണ്ടാണ് 30 ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നും ജയറാം രമേശ് പറഞ്ഞു. എന്നാല്‍ ജയറാം രമേശിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ധര്‍മ്മം ഭരണപക്ഷത്തിന്റെ അപാകതകള്‍ കണ്ടെത്തുകയും, തുറന്നു കാട്ടുകയും ആണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

എന്നാല്‍ കാലത്തിനൊത്ത മാറ്റം കോണ്‍ഗ്രസില്‍ വരേണ്ടതുണ്ടെന്ന അഭിപ്രായമാണ് മുന്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയിലെ പ്രമുഖര്‍ പറയുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോദി അധികാരത്തില്‍ ഏറിയപ്പോള്‍ സ്വഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചിത്വ സന്ദേശം പ്രചരിപ്പിക്കാന്‍ സെലിബ്രിറ്റികളും, രാഷ്ട്രീയക്കാരെയും മോദി ക്ഷണിച്ചിരുന്നു. അന്ന് ശശി തരൂരിനും ക്ഷണം ഉണ്ടയിരുന്നു. ഭാരതം കണ്ടതില്‍ വെച്ച് ഏറ്റവും നല്ല പദ്ധതിയാണ് ഇതെന്ന് അന്ന് തരൂര്‍ പറഞ്ഞത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു.

Share this news

Leave a Reply

%d bloggers like this: