ജപ്പാന്‍ ആറ്റംബോംബ് ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന അഗ്‌നിദുരന്തം; ക്യോട്ടോയില്‍ ഒരു അനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടതിനെ തുടര്‍ന്ന് വെന്തുമരിച്ചത് 33 പേര്‍…

ജപ്പാനിലെ ക്യോട്ടോയില്‍ ഒരു അനിമേഷന്‍ സ്റ്റുഡിയോക്ക് അക്രമി തീയിട്ടതിനെ തുടര്‍ന്ന് 33 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 41 കാരനായ അക്രമി പെട്രോള്‍ സ്പ്രേ ചെയ്ത ശേഷം തീയ്യിടുകയായിരുന്നെന്നാണ് വിവരം. പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാനില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.

ദുരന്തം നടക്കുമ്പോള്‍ 70 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ജനലുകളില്‍നിന്നു കട്ടിയുള്ള വെളുത്ത പുകയും തീയും പുറത്തേക്കു വരുന്നതുകണ്ട് ആളുകള്‍ പരിഭ്രാന്തരായി. അക്രമിക്ക് ആനിമേഷന്‍ സ്റ്റുഡിയോയുമായി യാതൊരു ബന്ധവുമില്ലെന്നാണ് പ്രാഥമികമായ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ സ്ഥാപനത്തോട് എന്തോ വിരോധമുള്ളതുപോലെയാണ് അയാള്‍ പെരുമാറിയതെന്ന് ദൃസാക്ഷികള്‍ പറയുന്നു. തീപിടിത്തത്തിനിടെ നിലത്തുവീണ അക്രമി അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിയെന്നും സ്റ്റുഡിയോയിലെ ചിലര്‍ അയാളെ പിന്തുടര്‍ന്നുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

പ്രതി 40 ലിറ്റര്‍ (ഒമ്പത് ഗാലന്‍) പെട്രോള്‍ അടുത്തുള്ള പെട്രോള്‍ സ്റ്റേഷനില്‍ നിന്നും വാങ്ങിയതായി ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധനം കൊണ്ടുവന്ന രണ്ട് കണ്ടെയ്‌നറുകള്‍ പിന്നീട് തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. അതേസമയം, അടുത്തിടെ കമ്പനിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് നിരവധി ഇമെയിലുകള്‍ ലഭിച്ചതായി ക്യോട്ടോ ആനിമേഷന്‍ ഡയറക്ടര്‍ ഹിഡാക്കി ഹട്ട പറഞ്ഞു.

ക്യോആനി എന്നറിയപ്പെടുന്ന ക്യോട്ടോ ആനിമേഷന്‍ 1981-ലാണ് സ്ഥാപിതമായത്. കെ-ഓണ്‍, മെലഞ്ചോലി ഓഫ് ഹരുഹി സുസുമിയ തുടങ്ങിയ ജനപ്രിയ ആനിമേഷന്‍ ഷോകളുടെ നിര്‍മ്മാതാക്കളാണ്. എ സൈലന്റ് വോയ്സെന്ന ഫീച്ചര്‍ ആനിമേഷനും അവര്‍ പുറത്തിറക്കിയിട്ടുണ്ട്. ക്യോആനിയുടെ സീരീസുകളിലൊന്നായ വയലറ്റ് എവര്‍ഗാര്‍ഡന്‍ നെറ്റ്ഫ്‌ലിക്‌സ് ആഗോള വിപണിയിലേക്ക് തിരഞ്ഞെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: