ജനപ്രിയ പദ്ധതികളുമായി ബജറ്റ് 2016

ഡബ്ലിന്‍: തെരഞ്ഞെടുപ്പ് മുമ്പില്‍ കണ്ട് ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് നിരവധി ആനുകൂല്യങ്ങള്‍ നല്‍കി ഫാമിലി ബജറ്റാണ് ധനമന്ത്രി മൈക്കിള്‍ നൂനന്‍ അവതരിപ്പിച്ചത്. സര്‍ക്കാരിന്റെ അഞ്ചാമത്തെയും അവസാനത്തെയും ബജറ്റ് താഴ്ന്ന വരുമാനക്കാര്‍ക്കും ഇടത്തരം വരുമാനക്കാര്‍ക്കും കൂടുതല്‍ പ്രയോജനം ചെയ്യും. യൂണിവേഴ്‌സല്‍ സേഷ്യല്‍ ചാര്‍ജ് നല്‍കേണ്ടവരുടെ വരുമാന പരിധി 12012 യൂറോയില്‍ നിന്ന് 13000 യൂറോയിലേക്ക് ഉയര്‍ത്തി. ഇതിലൂടെ 7 ലക്ഷം പേര്‍ യുഎസ്‌സി യില്‍ നിന്ന് ഒഴിവായി. 1.5 ശതമാനം നിരക്ക് 1 ശതമാനത്തിലേക്കും ആദ്യ 12012 യൂറോ വരുമാനത്തിന് ഈടാക്കും. 12012 യൂറോയ്ക്ക് മുകളിലുള്ള തുകയ്ക്ക് 3.5 ശതമാനമായിരുന്നത് 3 ശതമാനമായും കുറച്ചു. 18668 യൂറോയ്ക്ക് മുകളില്‍ 70044 യൂറോ വരെ വരുമാനത്തിന് 7 ശതമാനത്തില്‍ നിന്ന് 5.5 ശമാനത്തിലേക്കും നിരക്ക് കുറച്ചു.

മിനിമം കൂലി 9.15 ആയി വര്‍ധിപ്പിക്കുന്നത് സാധാരണ തൊഴിലാളികള്‍ക്ക് ആശ്വാമാകും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് 500 യൂറോയുടെ ടാക്‌സ് ക്രെഡിറ്റും സ്വാഗതാര്‍ഗമാണ്. ഹോം കെയര്‍ ടാക്‌സ് ക്രെഡിറ്റ് 800 യൂറോയില്‍ നിന്ന് 100 യൂറോയായി വര്‍ധിപ്പിച്ചതും നേട്ടമാണ്. പന്ത്രണ്ട് വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യ ജിപിയും ബജറ്റിലെ പ്രധാന പ്രഖ്യാപനമാണ്. അതേ സമയം ഡോക്ടര്‍മാരുമായി ചര്‍ച്ചകളിലൂടെയേ ഇത് നടപ്പാക്കൂ. ഫ്രീ ചൈല്‍ഡ് കെയര്‍ മൂന്ന് വയസ് മുതല്‍ അഞ്ചരവയസ് വരെ ലഭ്യമാക്കും. ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് 5 യൂറോ ഉയര്‍ത്തി. ഇതിലൂടെ വര്‍ഷം തോറും 120 യൂറോ ലഭിക്കും. അടുത്ത വര്‍ഷം സെപ്തംബര്‍ മുതല്‍ രണ്ട് ആഴ്ച ശമ്പളത്തോടുകൂടി പറ്റേണിറ്റി ലീവ് ലഭ്യമായി തുടങ്ങും.

600 ഗാര്‍ഡമാര്‍ കൂടുതലായി റിക്രൂട്ട് ചെയ്യും. നഴ്‌സുമാരെയും റിക്രൂട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് അടിയന്തര താമസം ഒരുക്കുന്നതിനായി 17 മില്യണ്‍ ചെലവഴിക്കും. 1916 ലെ റൈസിങിന്റെ നൂറാം വാര്‍ഷിക പരിപാടികള്‍ക്ക് വേണ്ടി അമ്പത് മില്യണ്‍ യൂറോ ചെലവഴിക്കും. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെങ്കിലും ജനോപകാരപ്രദമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ബജറ്റാണ് നൂനന്റേതെന്നാണ് വിലയിരുത്തല്‍. പ്രതീക്ഷിച്ചതുപോലെ ആനുകൂല്യങ്ങള്‍ നല്‍കി എല്ലാവരേയും സന്തോഷിപ്പിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: