ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി

 

ചെങ്ങന്നൂര്‍: മകന്റെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ പിതാവിന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കി. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമ പഞ്ചായത്താണ് മകന്റെ ജനനത്തെ മരണമാക്കി മാറ്റി മാതാപിതാക്കളെ ഞെട്ടിച്ചത്. മുളക്കുഴ ചെമ്പന്‍ചിറ പുത്തന്‍വീട്ടില്‍ ജമാലിന്റെയും സുമയ്യയുടെയും മകന്‍ മുഹമ്മദ് അസ്‌ലമിന്റെ ജനന സര്‍ട്ടിഫിക്കറ്റിലാണ് ജനനത്തിനു പകരം മരണം എന്ന് തെറ്റായി എഴുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

കോട്ട എസ്എന്‍ വിദ്യാപീഠം സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥിയായ കുട്ടി മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയില്‍ 2000 ഒക്‌ടോബര്‍ മൂന്നിനാണ് ജനിച്ചത്. തുടര്‍ന്ന് അതേമാസം എട്ടാം തീയതി പഞ്ചായത്തില്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരുന്നു. 21-04-2001 ല്‍ 99/2000 നമ്പറില്‍ പഞ്ചായത്തില്‍ നിന്ന് പത്ത് രൂപ മുദ്ര പത്രത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. പഞ്ചായത്തില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റ് വിശദ പരിശോധന നടത്താതെ രക്ഷകര്‍ത്താക്കള്‍ വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം ജനന സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏല്‍പ്പിക്കുകയും ചെയ്തു. അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ ജനനം നടന്നു എന്നതിനു പകരം 03-11-2000 ല്‍ കുട്ടി മരിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. മുദ്രപത്രത്തില്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ ചേര്‍ക്കേണ്ട സ്ഥലത്ത് ജനിച്ച തീയതി എന്നതിനു പകരം മരിച്ച തീയതി എന്ന് എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: