ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജവാര്‍ത്തകള്‍ വര്‍ധിക്കുന്നതായി സര്‍വേ

 

ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളെ കുഴക്കുന്ന കാര്യമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍. നിയന്ത്രണവുമായി സര്‍ക്കാര്‍ രംഗത്ത് എത്തുന്നതിനോടുള്ള എതിര്‍പ്പ് ശക്തിപ്പെടുന്നതായും ഇത് സൂചന നല്‍കുന്നു. 18 രാജ്യങ്ങളില്‍ ബിബിസി നടത്തിയ സര്‍വേയില്‍ 79 ശതമാനം പേരും ഓണ്‍ലൈന്‍ വാര്‍ത്തകളില്‍ ഏതാണ് ശരിയെന്നും തെറ്റെന്നും അറിയാനാകാതെ ആശയക്കുഴപ്പത്തിലാകാറുണ്ടെന്നു സമ്മതിച്ചു. ഇത് ആളുകളെ അസ്വസ്ഥരാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചൈനയിലും ബ്രിട്ടണിലും മാത്രമാണ് ഭൂരിഭാഗം ഉപയോക്താക്കള്‍ നിയന്ത്രണത്തിന് അനുകൂലമായി പ്രതികരിച്ചത്. 2010ലും ബിബിസി സമാനമായ സര്‍വേ നടത്തിയിരുന്നു. 15 രാജ്യങ്ങളിലാണ് രണ്ടു തവണ സര്‍വേ നടത്തിയത്.

യഥാര്‍ത്ഥ വാര്‍ത്തകളേക്കാള്‍ വ്യാജവാര്‍ത്തകളാണ് കൂടുതല്‍ ലാഭമുണ്ടാക്കുന്നതെന്നു സര്‍വേയില്‍ കണ്ടെത്തി. പരസ്യം വഴിയുള്ള വരുമാനമാണ് ഇവര്‍ക്കു ലഭിക്കുന്നത്. ഇവ പ്രചരിപ്പിക്കുന്നതില്‍ അതിന്റെ സ്രഷ്ടാക്കളുടെ താല്‍പര്യത്തിനു കാരണവും ഇതു തന്നെ. വ്യാജവാര്‍ത്തയും യഥാര്‍ത്ഥത്തിലുള്ളവയും തമ്മിലുള്ള വ്യത്യാസം പലപ്പോഴും മനസിലാക്കാന്‍ കഴിയില്ല. ബ്രസീലുകാരാണ് ഇക്കാര്യത്തില്‍ ഏറ്റവും വിഷമിക്കുന്നതെന്ന് സര്‍വേഫലം പറയുന്നു. 92 ശതമാനം പേര്‍ അവിടെ ഇതില്‍ ആശങ്കാകുലരാണ്. ഇന്തോനേഷ്യയില്‍ 90 ശതമാനം പേരും നൈജീരിയയില്‍ 88 ശതമാനം പേരും കെനിയയില്‍ 85 ശതമാനം പേരും ഇതേ വിഷമം അനുഭവിക്കുന്നു. ജര്‍മന്‍ജനത മാത്രമാണ് ഇക്കാര്യം അല്‍പ്പമെങ്കിലും ലാഘവത്തോടെ എടുക്കുന്നത്. അവിടത്തെ 51 ശതമാനം പേര്‍ തങ്ങളെ ഇന്റര്‍നെറ്റിലെ വ്യാജവാര്‍ത്തകള്‍ വിഷമിപ്പിക്കാറില്ലെന്നു പറയുന്നു. തെരഞ്ഞെടുപ്പുസമയത്ത് വ്യാജവാര്‍ത്തകളെ തള്ളിക്കളയാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ തന്നെ അവിടെ നടന്നിരുന്നു.

സ്ത്രീ-പുരുഷന്മാരില്‍ ഇന്റര്‍നെറ്റ് ഉപയോഗം സംബന്ധിച്ച് ചില വ്യത്യസ്ത സമീപനങ്ങളുള്ളതായും സര്‍വേയില്‍ തെളിഞ്ഞു. പുരുഷന്മാരാണ് ഇന്റര്‍നെറ്റ് കൂടുതല്‍ ഉപയോഗിക്കുന്നത്. ആറുമാസത്തെ കണക്കെടുത്താല്‍ പുരുഷന്മാരില്‍ 78 ശതമാനം നെറ്റ് ഉപയോഗിക്കുന്നവരാണെങ്കില്‍ 71 ശതമാനം സ്ത്രീകളേ ഇത് ഉപയോഗിക്കുന്നുള്ളൂ. ഇന്റര്‍നെറ്റില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകള്‍ അത്ര സുരക്ഷിതമായി കാണുന്നില്ല. വികസിത രാജ്യങ്ങളില്‍ ഈ നിലപാട് കൂടുതലാണ്. ഫ്രാന്‍സില്‍ 14 ശതമാനം പേരാണ് ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ പങ്കുവെക്കുന്നതു കൊണ്ട് സുരക്ഷിതത്വ പ്രശ്നങ്ങള്‍ തോന്നുന്നില്ലെന്ന് അഭിപ്രായപ്പെട്ടത്. ബ്രിട്ടണില്‍ ഇത്തരക്കാര്‍ 36 ശതമാനവും യുഎസില്‍ ഇത് 35 ശതമാനവുമാണ്. ബ്രിട്ടീഷ് വനിതകളാണ് രാജ്യത്തെ പുരുഷ പ്രജകളേക്കാള്‍ വ്യാജ വാര്‍ത്തകളില്‍ ആശങ്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റിന് സര്‍ക്കാര്‍ നിയന്ത്രണം വേണമെന്ന അഭിപ്രായം കൂടുതല്‍ പങ്കുവെക്കുന്നവരും ഇവര്‍ തന്നെ.

 

എ എം

 

Share this news

Leave a Reply

%d bloggers like this: