ജനങ്ങളിലേക്കിറങ്ങാന്‍ കോണ്‍ഗ്രസ് ദേശീയ ചാനലിന് ആലോചനകള്‍ നടത്തുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മുന്നിലെത്തിച്ച ഓരോ ഘടകത്തെക്കുറിച്ചും കോണ്‍ഗ്രസ് വിശകലനം നടത്തുകയാണ്. പ്രതിപക്ഷ നേതൃസ്ഥാനം പോലും അവകാശപ്പെടാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ന്നുപോയ കോണ്‍ഗ്രസ് ഇനി ഇലക്‌ട്രോണിക്‌സ് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കാനുളള ശ്രമത്തിലാണെന്നു സൂചന. പാര്‍ട്ടി ഒരു ദേശീയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

ഭരണനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ യുപിഎ പരാജയപ്പെടാനുളള പ്രധാനകാരണം ആശയവിനിമയത്തില്‍ പരാജയപ്പെട്ടതാണെന്ന് കോണ്‍ഗ്രസ് നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കാന്‍ ഒരു ദേശീയ വാര്‍ത്താ ചാനല്‍ എന്ന ആശയം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ കേരളത്തിലെ ജയ്ഹിന്ദ് മാതൃകയെ സോണിയ അഭിനന്ദിക്കുകയും ചെയ്തു.

സോണിയഗാന്ധിയുടെ നിര്‍ദേശപ്രകാരം ദേശീയ ചാനലിനു വേണ്ടിയുളള വിശദ റിപ്പോര്‍ട്ട് തയ്യാറാക്കിത്തുടങ്ങിയെന്ന് ജയ്ഹിന്ദ് ചാനലിന്റെ മാനേജിംഗ് ഡയറക്ടറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എംഎം ഹസന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കേരള മാതൃകയില്‍ ഒരു ദേശീയ ചാനല്‍ ആരംഭിക്കുകയോ ‘ജയ്ഹിന്ദ്’ ചാനലിനെ ഒരു ദേശീയ ചാനലാക്കി മാറ്റുകയോ ആണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

Share this news

Leave a Reply

%d bloggers like this: