ചൊവ്വയിലെ ശബ്ദരേഖ പുറത്തുവിട്ട് നാസ, നിങ്ങള്‍ക്കും കേള്‍ക്കാം

ശൂന്യമായിക്കിടക്കുന്ന ചൊവ്വാഗ്രഹത്തിലെ ശബ്ദം കേട്ടിട്ടുണ്ടോ. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചൊവ്വാഗ്രഹത്തില്‍ നിന്നുമുള്ള ശബ്ദം പുറത്തുവിട്ടത്. നാസയുടെ ഇന്‍സൈറ്റ് ലാന്ററാണ് ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ഹൂങ്കാര ശബ്ദം പകര്‍ത്തിയത്.

ഇന്‍സൈറ്റ് ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്ക് തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ ബ്രൂസ് ബാനെര്‍ട് പറഞ്ഞു. എയര്‍ പ്രഷര്‍ സെന്‍സര്‍, സീസ്മോമീറ്റര്‍ എന്നീ രണ്ട് സെന്‍സറുകളാണ് കാറ്റിന്റെ കമ്പനം പകര്‍ത്തിയത്. 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഈ ശബ്ദരേഖയ്ക്കുള്ളത്.

നവംബര്‍ 26നാണ് ഇന്‍സൈറ്റ് ലാന്റര്‍ ചൊവ്വാ ഗ്രഹത്തിലെത്തിയത്. ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുന്നതിന് വേണ്ടിയാണ് ഇന്‍സൈറ്റ് ലാന്റര്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. ഗ്രഹത്തിന്റെ താപനിലയറിയുന്നതിനായി ഇന്‍സൈറ്റ് പേടകം ചൊവ്വയുടെ പ്രതലത്തില്‍ ഇതുവരെ നടത്തിയതിനേക്കാള്‍ കൂടുതല്‍ ആഴത്തിലുള്ള ഖനനം നടത്തും. ഒരു യന്ത്ര ചുറ്റികയും പ്രകമ്പനം അളക്കുന്നതിനുള്ള സംവിധാനവും മാര്‍സ് ഇന്‍സൈറ്റ് ലാന്ററിനുണ്ട്.

ചൊവ്വാ പ്രതലത്തില്‍ നേരിട്ട് സ്ഥാപിക്കുന്ന അത്യാധുനിക സീസ്‌മോമീറ്ററിലൂടെ ചൊവ്വയുടെ പ്രകമ്പനങ്ങള്‍ അഥവാ ചൊവ്വാകുലുക്കങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിവരങ്ങള്‍ കണ്ടെത്താന്‍ ഇന്‍സൈറ്റ് ലാന്റര്‍ ശ്രമിക്കും. ഏകദേശം നൂറ് കോടി ഡോളറാണ് പദ്ധതിയുടെ ചിലവ്.

 

എ എം

Share this news

Leave a Reply

%d bloggers like this: