ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ വിവാദ പ്രസ്താവനക്ക് ശക്തമായ മറുപടി നല്‍കണമെന്ന് കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്സ്…

ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണെന്നും പാകിസ്താന് അടിസ്ഥാന താല്‍പര്യങ്ങളില്‍ പിന്തുണയുണ്ടാകുമെന്നാണ് നാളെ ഇന്ത്യയിലെത്താനിരിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവന. ഇതിന് ശക്തമായ മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കാശ്മീരിനെ നിരീക്ഷിക്കുകയാണ് എന്ന് പറഞ്ഞ ഷീയോട് ഞങ്ങള്‍ ഹോങ്കോങ്ങിനെ നിരീക്ഷിക്കുകയാണ് എന്ന് മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രത്യേക സ്വയംഭരണാവകാശങ്ങളുള്ള ചൈനീസ് പ്രദേശമായ ഹോങ്കോങ്ങില്‍ ചൈനയ്ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ജമ്മു കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ് എന്നും മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടെന്നുമാണ് ഷീയുടെ പ്രസ്താവനയ്ക്ക് മറുപടിയായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചത്. അതേസമയം സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല എന്നാണ് മനീഷ് തിവാരി ചോദിച്ചത്. എന്തുകൊണ്ട് ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭവും സിങ്ജിയാങ്ങിലും ടിബറ്റിലും ചൈന നടത്തിക്കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മറുപടി നല്‍കുന്നില്ല എന്ന് തിവാരി ചോദിച്ചു.

ഷീ ജിന്‍പിങ് പറയുന്നത് അദ്ദേഹം കാശ്മീരിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട് ഹോങ്കോങ്ങിനെ ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നില്ല. എന്തുകൊണ്ട് സിങ്ജിയാങ്ങിേനെയും ടിബറ്റിനേയും ദക്ഷിണ ചൈന കടലിനേയും നിരീക്ഷിക്കുകയാണ് എന്ന് പറയുന്നില്ല – തിവാരി ട്വീറ്റ് ചെയ്തു. പാക് അധീന കാശ്മീരിനേയും ഗില്‍ജിത്ത് ബാള്‍ട്ടിസ്താനേയും മറ്റും പാകിസ്താനില്‍ നിന്ന് മോചിപ്പിക്കുമെന്ന് പറയുന്ന ബിജെപിക്കാര്‍ എന്തുകൊണ്ട് ചൈനയുടെ കൈവശമുള്ള അക്സായി ചിന്നിനെക്കുറിച്ച് പറയുന്നില്ല എന്ന് തിവാരി ചോദിക്കുന്നു.

Share this news

Leave a Reply

%d bloggers like this: