ചൈനീസ് പ്രസിഡന്റ് ചെന്നൈയിലെത്തി…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അനൗപചാരിക ചര്‍ച്ചകള്‍ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇന്ത്യയിലെത്തി. ബീജിംഗില്‍ നിന്ന് എയര്‍ ചൈന വിമാനത്തില്‍ ചെന്നൈയിലാണ് ചൈനീസ് പ്രസിഡന്റ് എത്തിയത്. ചെന്നൈയ്ക്ക് സമീപം മാമല്ലപുരത്താണ് (മഹാബലിപുരം) ഷീ മോദിയുമായി ചര്‍ച്ച നടത്തുക.

മോദിയും ഷീയും തമ്മില്‍ നടക്കുന്ന രണ്ടാം വട്ട അനോദ്യോഗിക ചര്‍ച്ചയാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചൈനയിലെ വുഹാനിലാണ് ഇരു നേതാക്കളും തമ്മിലുള്ള ആദ്യ അനൗദ്യോഗിക ചര്‍ച്ച നടന്നത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തല്‍ വ്യാപാര സഹകരണം തുടങ്ങിയ വിഷയങ്ങളായിരിക്കും പ്രധാന ചര്‍ച്ചാവിഷയങ്ങളാവുക എന്നതാണ് പ്രതീക്ഷ.

കാശ്മീര്‍ പ്രശ്നത്തില്‍ പാകിസ്താനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഷീയുടെ പ്രസ്താവന വിവാദമായിരുന്നു. കാശ്മീര്‍ പ്രശ്നം ഷീ ഉന്നയിച്ചാല്‍ അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നുമുള്ള നിലപാട് മോദി ആവര്‍ത്തിക്കാനാണ് സാധ്യത. നാടന്‍ കലാകാരന്മാരടക്കം ചൈനീസ് പ്രസിഡന്റിനെ സ്വീകരിക്കാന്‍ ചെന്നൈ വിമാനത്താവളത്തിലെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: