ചെരുപ്പില്‍ ചെളിപറ്റുമെന്നതിന്റെ പേരില്‍ കുട്ടികളോടൊപ്പം പാടാന്‍ മടിച്ച യേശുദാസിനെതിരെ വിമര്‍ശനം

 
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തില്‍ യേശുദാസിനൊപ്പം പാടാമെന്നാഗ്രഹിച്ച് മണിക്കൂറുകളോളം കാത്തുനിന്ന കുട്ടികളെ ഗാനഗന്ധര്‍വ്വന്‍ നിരാശപ്പെടുത്തി. കാറില്‍ നിന്നിറങ്ങാനോ കുട്ടികള്‍ക്കൊപ്പം പാടാനോ തയ്യാറാകാതെ യേശുദാസ് തിരിച്ചുപോയി. ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച ദേശത്തിനായി പാടൂ എന്ന പരിപാടിയിലാണ് സംഭവം. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെയാണ് പരിപാടിക്കുവേണ്ടി വാഹനങ്ങളില്‍ കൊണ്ടുവന്നത്. യേശുദാസായിരുന്നു മുഖ്യാതിഥി. മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് യേശുദാസ് പാടാതെ മടങ്ങിയത്.

പൊതുപരിപാടിക്ക് ശേഷം വേദിയില്‍ നിന്ന് ഇറങ്ങി കുട്ടികള്‍ക്കൊപ്പം നില്‍ക്കണമെന്ന ആവശ്യത്തോട് യേശുദാസ് ആദ്യം മുഖംതിരിച്ചു. സംഘാടകര്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാടില്ലെന്ന നിലപാടില്‍ യേശുദാസ് ഉറച്ചുനിന്നു. ഒടുവില്‍ സംഘാടകരുടെ അഭ്യര്‍ത്ഥന മാനിച്ച്് അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി കുട്ടികള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ഇന്നോവ കാറില്‍ എത്തി. യേശുദാസ് തങ്ങളോടൊപ്പം പാടുമെന്നു പ്രതീക്ഷിച്ച കുട്ടികള്‍ ആര്‍പ്പുവിളിച്ചു. എന്നാല്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ സ്‌റ്റേഡിയത്തില്‍ ചെളിയുണ്ടായിരുന്നു. ചെരുപ്പില്‍ ചെളിപറ്റുമെന്നതിന്റെ പേരില്‍ കുട്ടികളോടൊപ്പം പാടാന്‍ മടിച്ച ഗായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: