ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം; ആവേശത്തില്‍ മുന്നണികള്‍; വോട്ടെടുപ്പ് 28ന്

രണ്ട് മാസം നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചരണം ഇന്ന് അവസാനിക്കാനിരിക്കെ ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ നീണ്ട നിരയാണ് മുന്നണികള്‍ക്കായി മണ്ഡലത്തിലുള്ളത്. അവസാന റൗണ്ട് വോട്ടുറപ്പിക്കാന്‍ റോഡ് ഷോ ഉള്‍പ്പടെയുള്ള ശക്തിപ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് മുന്നണികള്‍. കൊട്ടിക്കലാശത്തെ തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കുകയും ഉച്ചമുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ചെങ്ങന്നൂരില്‍ ആവേശം തീര്‍ത്ത ദിവസങ്ങള്‍ക്കാണ് സമാപനമാകാന്‍ പോകുന്നത്. എല്‍ഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ ഡി വിജയകുമാറും എന്‍ഡിഎയുടെ പിഎസ് ശ്രീധരന്‍പിള്ളയും ശക്തമായ പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. പരസ്യപ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ പരമാവധി സ്ഥാനാര്‍ത്ഥികളെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. വൈകീട്ട് മൂന്നിനാണ് ചെങ്ങന്നൂര്‍ പട്ടണത്തില്‍ കൊട്ടിക്കലാശം തുടങ്ങുന്നത്. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായേക്കാവുന്ന തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ വിധിയെഴുത്ത് തിങ്കളാഴ്ച നടക്കും. ഫലപ്രഖ്യാപനം 31നാണ്.

പ്രചരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേതാക്കള്‍ തമ്മിലുള്ള പരസ്യവാക്പോരിനും ആരോപണങ്ങള്‍ക്കും കൂടിയാണ് ചെങ്ങന്നൂര്‍ സാക്ഷിയായത്. ആദ്യഘട്ടത്തില്‍ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രചരണമാരംഭിച്ച എല്‍ഡിഎഫ് നേതൃത്വം യുഡിഎഫ് സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരോപണം തൊടുത്തതോടെയാണ് ചെങ്ങന്നൂരില്‍ ഇടതുവലതുമുന്നണികള്‍ തമ്മില്‍ പോര്‍മുഖം തുറന്നത്. ഹിന്ദുത്വശക്തികള്‍ക്ക് പ്രിയപ്പെട്ടയാളെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ യുഡിഎഫ് മൃദുഹിന്ദുത്വരാഷ്ട്രീയം പരീക്ഷിക്കുകയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.

അതേസമയം ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിനെ വര്‍ഗീയ വത്ക്കരിക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്നായിരുന്നു എകെ ആന്റണി കോടിയേരിക്ക് നല്‍കിയ മറുപടി. ചെങ്ങന്നൂരില്‍ ബിജെപിയുടെ പിആര്‍ഒ ആയി കോടിയേരി അധപതിച്ചുവെന്നും പിണറായി വിജയന് സ്ഥലജലവിഭ്രാന്തിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചെങ്ങന്നൂരിലേത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ എന്നും ചെന്നിത്തല വെല്ലുവിളിച്ചിരുന്നു.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: