ചുമരുകള്‍ക്കപ്പുറമുള്ള ചലനങ്ങളറിയാന്‍ പുതിയ സാങ്കേതിക വിദ്യ; ആരോഗ്യ രംഗത്ത് പ്രയോജനപ്പെടുത്താമെന്ന് ഗവേഷകര്‍

ചുമരുകള്‍ക്കപ്പുറം നിന്നാലും ശരീര ചലനങ്ങള്‍ കാണാന്‍ സാധിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് ഗവേഷകര്‍. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇത് വികസിപ്പിച്ചത്. റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ ഉപയോഗിച്ചാണ് മതിലിനപ്പുറം നില്‍ക്കുന്നയാള്‍ എവിടെയാണെന്ന് അറിയുന്നതും അതിനനുസരിച്ച് ശരീരത്തിന്റെ സ്റ്റിക്ക് ഫിഗര്‍ അഥവാ ആര്‍എഫ് പോസ് നിര്‍മ്മിക്കുകയുമാണ് ഈ സാങ്കേതിക വിദ്യ ചെയ്യുന്നത്.

പ്രത്യേകം തയ്യാറാക്കിയ ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് ആളുകളുടെ ശരീരത്തില്‍ നിന്നും പ്രതിഫലിക്കുന്ന റേഡിയോ സിഗ്നലുകള്‍ വിശകലനം ചെയ്യുന്നത്. അതുവഴി അവര്‍ നടക്കുന്നതിന്റേയും നില്‍ക്കുന്നതിന്റേയും ഇരിക്കുന്നതിന്റേയുമെല്ലാം സ്റ്റിക്ക് ഫിഗര്‍ നിര്‍മിക്കാന്‍ സാധിക്കും. ആളുകളുടെ ചലനത്തിനനുസരിച്ച് സ്റ്റിക്ക് ഫിഗറില്‍ മാറ്റവുമുണ്ടാവും.

അതായത് മതിലുകള്‍ക്കുള്ളിലൂടെ കാണാനുള്ള കഴിവല്ല, ചലനങ്ങള്‍ തിരിച്ചറിഞ്ഞ് മതിലുകള്‍ക്കപ്പുറം നടക്കുന്നതെന്തെന്ന് മനസിലാക്കാനുള്ള ശേഷിയാണ് ഈ സാങ്കേതിക വിദ്യയ്ക്കുള്ളത്. ഏറെ ശ്രമകരമായ പരിശീലനങ്ങള്‍ക്കൊടുവിലാണ് ന്യൂറല്‍ നെറ്റ് വര്‍ക്കുകളെ ഇതിനായി ഗവേഷകര്‍ പ്രാപ്തമാക്കിയത്.

പാര്‍ക്കിന്‍സണ്‍സ് പോലുള്ള രോഗങ്ങളുടെ നിരീക്ഷണത്തിന് ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താമെന്ന് ഗവേഷക സംഘം പറയുന്നു. ചികിത്സയുടെ ഫലം വിശകലനം ചെയ്ത് അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും.ആരോഗ്യ രംഗം തന്നെയാണ് ഗവേഷകര്‍ ഈ സാങ്കേതിക വിദ്യയിലൂടെ ലക്ഷ്യമിടുന്നതും. എന്നാല്‍ ആരോഗ്യ രംഗത്തിന് പുറമെയുള്ള ആവശ്യങ്ങള്‍ക്കും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനാവും.

 

ഡികെ

Share this news

Leave a Reply

%d bloggers like this: