ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗീകാരോപണം; പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി…

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി. 35കാരിയായ മുന്‍ ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് ആണ് പരാതിയുമായി 22 സുപ്രീം കോടതി ജഡ്ജമാര്‍ക്ക് ഇന്നലെ കത്ത് നല്‍കിയത്. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം.

കവറിംഗ് ലെറ്ററുമായി നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതി പറയുന്നത് തന്റെ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ്. ചീഫ് ജസ്റ്റിസിന്റെ വസതിയില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. അതേസമയം ആരോപണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണ് എന്ന് സുപ്രീം കോടതി സെക്രട്ടറി ജനറല്‍ പ്രതികരിച്ചു.

ഇതിന്റെ പിന്നില്‍ സുപ്രീം കോടതിയെ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ശക്തികളുണ്ട് എന്ന് സംശയിക്കുന്നതായി സുപ്രീം കോടതി സെക്രട്ടറി ജനറിലിന്റെ ഇ മെയിലില്‍ പറയുന്നു. അതേസമയം ചീഫ് ജസ്റ്റിസിന്റെ ആവശ്യം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് തന്നെ റെസിഡന്‍സ് ഓഫീസില്‍ നിന്ന് പുറത്താക്കിയതായും 2018 ഡിസംബറില്‍ സര്‍വീസില്‍ നിന്ന് തന്നെ പിരിച്ചുവിട്ടതായും പരാതിക്കാരി പറയുന്നു.

അനുമതിയില്ലാതെ ഒരു ദിവസം കാഷ്വല്‍ ലീവ് എടുത്തു എന്നതടക്കം മൂന്ന് കാരണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം പറയുന്നത്. തന്റെ കുടുംബത്തെ പീഡിപ്പിച്ചു. ഡല്‍ഹി പൊലീസില്‍ കോണ്‍സ്റ്റബിള്‍മാരായ തന്റെ ഭര്‍ത്താവിനേയും ഭര്‍തൃ സഹോദരനേയും സസ്പെന്‍ഡ് ചെയ്തു. ഈ നടപടികള്‍ക്കും ഇതുമായി ബന്ധമുണ്ട് എന്ന് യുവതി ആരോപിക്കുന്നു.

അതേസമയം അവധി ദിവസമായ ഇന്ന് സുപ്രീം കോടതി അടിയന്തിരമായി ചേരുകയാണ്. പൊതുതാത്പര്യമുള്ള കേസുകള്‍ അടിയന്തിരമായ പരിഗണിക്കാനുള്ളതിനാലാണ് കോടതി ചേരുന്നതെന്നായിരുന്നു വിശദീകരണം. സുപ്രീം കോടതിയിലെ ഒന്നാം നമ്പര്‍ കോടതിയില്‍ കേസ് പരിഗണിക്കുകയാണ്.

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവര്‍ കോടതിയിലെത്തി. സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെയുള്ളവര്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ചു. ഇത് ബ്ലാക്ക്‌മെയിലിങ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യായാധിപന്മാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ഇത്തരം ആരോപണങ്ങള്‍ കൊണ്ട് നേരിടുന്നത് ശരിയായ രീതിയല്ലെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. തനിക്കെതിരെയും ഇത്തരം നീക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: