ഡബ്ലിന്‍: ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ഡയലില്‍ ക്ഷമാപണം നടത്തി ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ്. 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 191 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്തെന്ന് സൈമണ്‍ ഹാരിസിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മൊത്തം 391 മില്യണ്‍ യൂറോ അധിക ചിലവ് ഉണ്ടായതായി കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ മനസിലാക്കിയ മന്ത്രി നവംബര്‍ 9 വരെ ക്യാബിനറ്റില്‍ അറിയിച്ചിരുന്നില്ല. എന്നിട്ടും ഒരു മാസം കഴിഞ്ഞ് ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറംലോകമറിയുന്നത്.
പാര്‍ലമെന്റില്‍ തെറ്റായ കണക്കുകള്‍ നല്‍കിയതില്‍ ക്ഷമാപണം നടത്തുന്നതായും അധികച്ചിലവുകള്‍ ഉണ്ടായ സമയത്ത് ക്യാബിനറ്റില്‍ അക്കാര്യം അറിയിക്കാത്തതില്‍ പാകപ്പിഴ ഉണ്ടായെന്നും എന്നാല്‍ ഡയലിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി നിര്‍മ്മാണ ചിലവുകള്‍ വര്‍ധിക്കാനുണ്ടായ സാഹചര്യം പരിശോധിച്ചു വരികയാന്നെന്നും ഈ പദ്ധതി പൂര്‍ത്തിയാക്കും വരെ ഏവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം ഇന്നലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മുന്പില് പ്രസ്താവിച്ചു.
2019-20 വര്‍ഷത്തേക്കുള്ള ഹെല്‍ത്ത് ക്യാപിറ്റല്‍ ബഡ്ജറ്റില്‍ നിന്ന് 24 മില്യണ്‍ യൂറോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മ്മാണത്തിണ് മാറ്റി ചിലവഴിക്കേണ്ടി വന്നതായി പാസ്ക്കല്‍ ഡോനോഹോ മാധ്യമങ്ങളെ അറിയിച്ചു. മറ്റ് ആരോഗ്യ പദ്ധതികളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. 24 മില്യണ്‍ യൂറോയുടെ കുറവ് പരിഹരിക്കാന്‍ കല, കാലാവസ്ഥ, വെള്ളപൊക്ക നിവാരണം തുടങ്ങിയവയ്ക്കായി മാറ്റിവെച്ചിരിക്കുന്ന തുക വകയിരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. വാട്ടര്‍ഫോര്‍ഡിലെ രണ്ടാമത്തെ കത്ത് ലാബിന്റെ പണികളും ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അയര്‍ലണ്ടിലെ നേഴ്സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോയാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്മാന് ടോം കോസ്റ്റല്ലോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സൈമണ്‍ ഹാരിസും ആരോഗ്യവകുപ്പും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ആരോഗ്യമേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കേള്‍ക്കാതെ ധൂര്‍ത്ത് നടത്തുന്ന ആരോഗ്യവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗവണ്മെന്റില് നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി ചിലവാക്കണ്ടി വരുന്നതെന്ന വാദമാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചത്. ഏറ്റവുമൊടുവില്‍ രണ്ട് ബില്യണ്‍ യൂറോ ചിലവാക്കിയെങ്കിലേ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുള്ളൂവെന്ന സ്ഥിതിയാണ്. മൊത്തം ചിലവുകള്‍ കഴിയുമ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം തുക മുടക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലായി ഇത് മാറും.
2016 ല്‍ വരേദ്കര്‍ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് ചിന്ദ്രന്സ് ഹോസ്പിറ്റല്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണത്തിനും രൂപഭംഗി വരുത്തുന്നതിനുമായി 450 മില്യണ്‍ യൂറോ അധിക ചിലവ് അനാവശ്യമാണെന്ന് ഫിയന ഫെയ്ല് TD സ്റ്റീഫന്‍ ഡോണലി ട്വിറ്ററില്‍ കുറിച്ചു. അധിക സര്‍വീസുകളോ, കിടക്കകള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ ഈ അധിക 450 മില്യണ്‍ യൂറോയില്‍ വകയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധിക ചിലവ് ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് വരേദ്കര്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വം തള്ളിക്കളയാനായില്ല. പുതിയ ആശുപത്രി തുടങ്ങുന്നതോടെ അധികമായി മുന്നൂറോളം നേഴ്സുമാരെയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ശമ്പള സ്കെയിലില്‍ നേഴ്സുമാര്‍ ആകൃഷ്ടരാകാന്‍ സാധ്യതയില്ലെന്നും നേഴ്സുമാരില്ലാതെ വെറും ബെഡുകള്‍ മാത്രമുള്ള ആശുപത്രിയാകും ഇതെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ധ പറഞ്ഞു.
അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രതീക്ഷയുള്ളതും ഏറ്റവും ചിലവേറിയതുമായ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് പ്രൊജക്റ്റ് ആണ് കുട്ടികള്‍ക്കുവേണ്ടി ഡബ്ലിനില്‍ തുടങ്ങുന്ന ഈ ആശുപത്രി. അയര്‍ലണ്ടില്‍ നിലവിലുള്ള ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍’സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, ഔര്‍ ലേഡി’സ് ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍- ക്രംലിന്, നാഷണല്‍ ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍-താല എന്നിവ കൂട്ടിച്ചേര്‍ത്താണ് പുതിയ നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സെന്റ് ജെയിംസ് ആശുപത്രി പരിസരത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന കുട്ടികളുടെ ആശുപത്രി 2022ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്.