ചില്‍ഡ്രന്‍സ് ആശുപത്രി വിവാദം; സൈമണ്‍ ഹാരിസിന് അധിക ചിലവുകളെപ്പറ്റി അറിവുണ്ടായിരുന്നു; ആരോഗ്യമന്ത്രിയോട് രാജിവെച്ചൊഴിയാന്‍ ആവശ്യപ്പെട്ട് സിന്‍ ഫെയ്ന്‍

ഡബ്ലിന്‍: ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ വര്‍ധിച്ചത് ആരോഗ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇന്നലെ സൈമണ്‍ ഹാരിസ് പുറത്തുവിട്ട മെമ്മോയില്‍ 2018 ആഗസ്റ്റില്‍ തന്നെ നേരത്തേ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ 191 മില്യണ്‍ യൂറോ അധികച്ചിലവ് വരുത്തിയതായി ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത് പുറത്തുവിടാതെ നിര്‍മ്മാണവുമായി മുന്നോട്ടു പോകുകയാണ് മന്ത്രി ചെയ്തെന്ന് സിന്‍ ഫെയ്ന്‍ ആരോപിക്കുന്നു. മൊത്തം 391 മില്യണ്‍ യൂറോ അധിക ചിലവ് ഉണ്ടായതായി കഴിഞ്ഞ ആഗസ്റ്റില്‍ തന്നെ മനസിലാക്കിയ മന്ത്രി നവംബര്‍ 9 വരെ ക്യാബിനറ്റില്‍ അറിയിച്ചിരുന്നില്ല. എന്നിട്ടും ഒരു മാസം കഴിഞ്ഞ് ബജറ്റ് പ്രഖ്യാപനത്തിന് ശേഷമാണ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍കുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുറംലോകമറിയുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും ഈ പദവിയില്‍ തുടരാന്‍ അദ്ദേഹം യോഗ്യനല്ലെന്നും സിന്‍ ഫെയിന്‍ ആരോഗ്യ വക്താവ് Louise O’Reilly പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അയര്‍ലണ്ടിലെ നേഴ്‌സുമാര്‍ ആവശ്യപ്പെട്ട ശമ്പള വര്‍ധനവിന് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന വരേദ്കര്‍ ഗവണ്മെന്റ് നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ചിലവുകള്‍ പുറത്തുവന്നതോടെ വെട്ടിലായിരിക്കുകയാണ്. ആശുപത്രി നിര്‍മാണത്തിന് മൊത്തം ചിലവ് നേരത്തെ നിശ്ചയിച്ചിരുന്ന 983 മില്യണ്‍ യൂറോയില്‍ നിന്ന് 2 ബില്യണ്‍ യൂറോയാകുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ചിലവ് ക്രമാതീതമായി ഉയര്‍ന്നതോടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തിരുന്ന നാഷണല്‍ പീടിയാട്രിക് ഹോസ്പിറ്റല്‍ ഡെവലപ്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ ടോം കോസ്റ്റല്ലോ കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ചിരുന്നു. ഇതോടെ സൈമണ്‍ ഹാരിസും ആരോഗ്യവകുപ്പും സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്. ആരോഗ്യമേഖലയിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കേള്‍ക്കാതെ ധൂര്‍ത്ത് നടത്തുന്ന ആരോഗ്യവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ നിര്‍മാണം മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന 650 മില്യണ്‍ യൂറോയില്‍ നില്‍ക്കില്ലെന്ന് ലിയോ വരേദ്കര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ വിവാദങ്ങളും ആരംഭിച്ചിരുന്നു. പിന്നീട് ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഗവണ്‍മെന്റില്‍ നിന്ന് 1 ബില്യണ്‍ യൂറോ ചെലവാക്കേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. നിര്‍മ്മാണമേഖലയിലെ വിലക്കയറ്റമാണ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ നിശ്ചയിച്ചിരുന്ന തുകയേക്കാള്‍ അധികമായി ചിലവാക്കണ്ടി വരുന്നതെന്ന വാദമാണ് ഗവണ്മെന്റ് മുന്നോട്ടുവെച്ചത്. ഏറ്റവുമൊടുവില്‍ രണ്ട് ബില്യണ്‍ യൂറോ ചിലവാക്കിയെങ്കിലേ പണി പൂര്‍ത്തീകരിക്കാന്‍ കഴിയുള്ളൂവെന്ന സ്ഥിതിയാണ്. മൊത്തം ചിലവുകള്‍ കഴിയുമ്പോള്‍ ലോകത്തില്‍ ഏറ്റവും അധികം തുക മുടക്കി നിര്‍മിക്കുന്ന ചില്‍ഡ്രന്‍സ് ഹോസ്പിറ്റലായി ഇത് മാറും.

2016 ല്‍ വരേദ്കര്‍ ആരോഗ്യമന്ത്രി ആയിരിക്കുമ്പോഴാണ് ചിന്ദ്രന്‍സ് ഹോസ്പിറ്റല്‍ പദ്ധതി പ്രഖ്യാപിക്കുന്നത്. കെട്ടിട നിര്‍മാണത്തിനും രൂപഭംഗി വരുത്തുന്നതിനുമായി 450 മില്യണ്‍ യൂറോ അധിക ചിലവ് അനാവശ്യമാണെന്ന് ഫിയന ഫെയ്ല്‍ TD സ്റ്റീഫന്‍ ഡോണലി ട്വിറ്ററില്‍ കുറിച്ചു. അധിക സര്‍വീസുകളോ, കിടക്കകള്‍, ഡോക്ടര്‍മാരുടെ സേവനം തുടങ്ങിയവ ഈ അധിക 450 മില്യണ്‍ യൂറോയില്‍ വകയിരുത്തിയിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അധിക ചിലവ് ഉണ്ടാകാന്‍ ഇടയായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് വരേദ്കര്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വം തള്ളിക്കളയാനായില്ല. പുതിയ ആശുപത്രി തുടങ്ങുന്നതോടെ അധികമായി മുന്നൂറോളം നേഴ്‌സുമാരെയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇപ്പോഴത്തെ ശമ്പള സ്‌കെയിലില്‍ നേഴ്സുമാര്‍ ആകൃഷ്ടരാകാന്‍ സാധ്യതയില്ലെന്നും നേഴ്‌സുമാരില്ലാതെ വെറും ബെഡുകള്‍ മാത്രമുള്ള ആശുപത്രിയാകും ഇതെന്ന് INMO ജനറല്‍ സെക്രട്ടറി ഫില്‍ നീ ഷീഗ്ധ പറഞ്ഞു.

അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ ഏറ്റവും പ്രതീക്ഷയുള്ളതും ഏറ്റവും ചിലവേറിയതുമായ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊജക്റ്റ് ആണ് കുട്ടികള്‍ക്കുവേണ്ടി ഡബ്ലിനില്‍ തുടങ്ങുന്ന ഈ ആശുപത്രി. അയര്‍ലണ്ടില്‍ നിലവിലുള്ള ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍’സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍, ഔര്‍ ലേഡി’സ് ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍- ക്രംലിന്‍, നാഷണല്‍ ചില്‍ഡ്രന്‍’സ് ഹോസ്പിറ്റല്‍-താല എന്നിവ കൂട്ടിച്ചേര്‍ത്താണ് പുതിയ നാഷണല്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സെന്റ് ജെയിംസ് ആശുപത്രി പരിസരത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന കുട്ടികളുടെ ആശുപത്രി 2022ഓടെ പൂര്‍ത്തീകരിക്കുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: