ചിലര്‍ കൊലപ്പെടുത്തുമെന്ന് സ്വാമി നേരത്തെ പറഞ്ഞിരുന്നുവെന്ന് പിണറായി വിജയന്‍

ചേര്‍ത്തല : ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് സമര്‍ത്ഥരായ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.

ചിലര്‍ കൊലപ്പെടുത്തുമെന്ന് സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇവര്‍ ആരാണെന്നതിന്റെ ശരിയായ രൂപം കേരളീയ സമൂഹത്തിന് നന്നായി അറിയാം. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് കൊണ്ട് സന്യാസികളെ പോലും കൊലപ്പെടുത്തുന്ന രീതിയോട് വിട്ടുവീഴ്ച ചെയ്യുവാന്‍ പാടില്ലാത്തതാണെന്നും പറഞ്ഞു.

ഉമ്മന്‍ചാണ്ടി ആര്‍എസ്എസ് വെള്ളാപ്പള്ളി അവിശുദ്ധ നീക്കുപോക്കാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഉമ്മന്‍ ചാണ്ടി മുന്നണിക്ക് പുറത്തുനിന്നുള്ള കൂട്ടുകെട്ടുണ്ടാക്കി അധികാരത്തില്‍ തുടരുവാനാണ് ശ്രമിക്കുന്നത്. വടകര ബേപ്പൂര്‍ മോഡല്‍ ആവര്‍ത്തിക്കാനാണ് നീക്കം. ആര്‍എസ്എസിനെ ശക്തിപ്പെടുത്തുന്ന തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുവാനാണ് വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നതെന്നും പിണറായി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: