ചിരിയുടെ വലിയ തമ്പുരാന് ഇന്നു നൂറാം പിറന്നാള്‍; ക്രിസോസ്റ്റം തിരുമേനിക്ക് ആശംസകളുമായി വിശ്വാസലോകം

ചിരിയുടെ വലിയ തമ്പുരാന്‍ മാര്‍ത്തോമ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ഇന്നു നൂറാം പിറന്നാള്‍. തിരുമേനിയുടെ ജന്‍മശതാബ്ദി വലിയ ആഘോഷമാക്കുകയാണ് സഭ വിശ്വാസികള്‍. 1917 ഏപ്രില്‍ 27നാണ് പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി ഫിലിപ്പ് ഉമ്മന്‍ ജനിച്ചത്.

നര്‍മങ്ങളിലൂടെ ജനഹൃദയങ്ങളെ സ്വാധീനിക്കുന്ന മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത തനിക്കു ജീവിതത്തില്‍ ലഭിച്ച മറ്റൊരു അനുഗ്രഹമായി അതിനെ കാണുന്നു. കോഴഞ്ചേരിയില്‍ ജനിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത വളര്‍ച്ചയുടെ പടവുകളിലും സാധാരണ ജനത്തെ മറന്നില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരനെ ഇഷ്ടപ്പെടുന്ന വലിയ മെത്രാപോലീത്ത അവരുടെ മനസ്സില്‍ ഇടംകണ്ടെത്തുമ്പോള്‍ ആബാലവൃദ്ധം അദ്ദേഹത്തെ ഓര്‍മയുടെ ചെപ്പില്‍ സൂക്ഷിക്കുന്നു. തിരുമേനിയുടെ നര്‍മം തുളുമ്പുന്ന വാക്കുകളാവാം ഒരുപക്ഷേ, അവരെയൊക്കെ സ്വാധീനിക്കുന്നത്.

ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും മെത്രാപോലീത്ത സാധാരണക്കാര്‍ക്കു കൂട്ടാണ്. അവരുടെ ആവശ്യങ്ങളെയും പ്രശ്നങ്ങളെയും അദ്ദേഹം തികഞ്ഞ ഗൗരവത്തോടെ സമീപിക്കും. പക്ഷേ, മറുപടികള്‍ ലഘുവാകും. എനിക്ക് രണ്ട് സ്ത്രീകളെ മാത്രമേ അറിയൂവെന്ന് തിരുമേനി എപ്പോഴും പറയും. ഒന്ന് തന്റെ അമ്മയും രണ്ടാമത് തന്റെ സഹോദരിയും. അതുകൊണ്ട് കുടുംബപ്രശ്നങ്ങളില്‍ ആരെയെങ്കിലും വ്യക്തിപരമായി കുറ്റപ്പെടുത്താനില്ലെന്നാണ് മെത്രാപോലീത്തയുടെ പക്ഷം. ചിരിയുടെ തമ്പുരാനെന്ന് മുദ്രകുത്തുമ്പോഴും ക്രിസോസ്റ്റം തിരുമേനിയുടെ ചിന്തകളുടെ അര്‍ഥവും ആഴവും വലുതാണ്. നിത്യജീവിതത്തിലെ ആധ്യാത്മികതയ്കൊപ്പം മാനുഷിക മൂല്യങ്ങളുമായി കൂട്ടിയോജിപ്പിക്കുന്ന കണ്ണിയാണ് അദ്ദേഹം.

ദൈവത്തിന്റെ മഹാദാനമായി തന്റെ ജീവിതത്തെ കാണുന്ന വലിയ മെത്രാപോലീത്ത അതു മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടണമെന്ന് 100ാം വയസ്സിലും ആഗ്രഹിക്കുന്നു. പ്രായം കൂടുന്തോറും അങ്ങനെ മാര്‍ ക്രിസോസ്റ്റത്തോടു സമൂഹത്തിനു പ്രിയം കൂടുകയാണ്. വലിയ മെത്രാപോലീത്തയ്ക്ക് എന്തിനും ഏതിനും ഒരു പ്രത്യേകതയുണ്ട്. പ്രസംഗമായാലും പ്രവൃത്തിയായാലും ആരാധനയായാലും വേഷമായാലും ഭക്ഷണമായാലും ജീവിതത്തില്‍ മുഴുവന്‍ അദ്ദേഹത്തിന്റേതായ സ്പര്‍ശമുണ്ടാവും.

ഏപ്രില്‍ 27ന് 100ാം വയസ്സിലേക്ക് പ്രവേശിക്കുന്ന വലിയ മെത്രാപോലീത്തയുടെ ജീവിതം ഇന്ന് ഏതെങ്കിലും ഒരു സഭയുടെ പൗരോഹിത്യ ശുശ്രൂഷയില്‍ മാത്രം ഒതുങ്ങുന്നില്ല. അദ്ദേഹം ഒരു മെത്രാനായിട്ട് ആറരപ്പതിറ്റാണ്ടിലേക്കടുക്കുന്നു. പ്രായംകൊണ്ടും ഇടയശുശ്രൂഷയിലും മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയ്ക്കൊപ്പം നില്‍ക്കാന്‍ മറ്റാരുമില്ല. അതുകൊണ്ടുതന്നെ ക്രൈസ്തവസഭക ള്‍ക്കു മാത്രമല്ല, കേരളീയ സമൂഹത്തിനാകമാനം അദ്ദേഹം വലിയതിരുമേനി തന്നെയാണ്. പകരംവയ്ക്കാനില്ലാത്ത നാമം. വ്യത്യസ്തനായൊരു തിരുമേനിയെന്ന് അദ്ദേഹത്തെ പലരും വിശേഷിപ്പിക്കും.

മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ബിരുദ പഠനത്തിന് തെരഞ്ഞെടുത്തത് ആലുവ യു.സി കോളജ് ആയിരുന്നു. അതിനു ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തിയ അദ്ദേഹത്തിന് 1944-ല്‍ ശെമ്മാശ, കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.

1953-ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1999 ഒക്ടോബര്‍ 23 ന് സഭയുടെ 20-ാമത് മാര്‍ത്തോമാ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റ അദ്ദേഹം 2007-ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം വലിയ മെത്രാപ്പൊലീത്ത സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. ധര്‍മിഷ്ഠന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ട ഫിലിപ്പ് ഉമ്മന്‍ നീതിക്കും ധര്‍മത്തിനും വേണ്ടി നിലകൊള്ളുകയെന്നത് ചെറുപ്പംമുതല്‍ ജീവിതവ്രതമായി സ്വീകരിച്ചു. 100ന്റെ നിറവില്‍ നില്‍ക്കുന്ന വലിയതിരുമേനി ജനഹൃദയങ്ങളെ കീഴടക്കിയത് ഈ നന്‍മയും ധാര്‍മിക വിശുദ്ധിയും ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടാണ്.

ജന്മശതാബ്ദി ആഘോഷങ്ങള്‍ അദ്ദേഹം നൂറാം വയസിലേക്ക് പ്രവേശിക്കുന്ന നാളെ സഭയുടെ ആഭിമുഖ്യത്തില്‍ തിരുവല്ലയില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് സഭാ സെക്രട്ടറി അറിയിച്ചു. മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി മുഖ്യാതിഥിയായിരിക്കും.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: