ചിദംബരത്തിനെതിരായ കേസ്; കുരുക്കായത് ഇങ്ങനെ

ന്യൂഡല്‍ഹി : മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധന-ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കില്ലെന്ന് വാര്‍ത്തകള്‍.അഴിമതി കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യാനുളള തയ്യാറെടുപ്പിലാണ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റും. കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിനുളള സാധ്യത തെളിഞ്ഞത്. ഇന്ന് രാവിലെ സുപ്രീം കോടതി ചിദംബരത്തിന്റെ അപ്പീല്‍ പരിഗണിച്ചെങ്കിലും അത് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. അതിനിടെ മുന്‍ മന്ത്രിക്കെതിരെ അന്വേഷണ ഏജന്‍സികള്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.

ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിയ്ക്ക് വിദേശനിക്ഷേപം സ്വീകരിക്കുന്നതിന് ക്രമരഹിതമായി അനുമതി നല്‍കിയെന്നതാണ് കേസ്. പി ചിദംബരം ധനമന്ത്രിയായിരിക്കെ വിദേശനിക്ഷേപ പ്രോല്‍സാഹന ബോര്‍ഡാണ് ഈ കമ്പനിക്ക് 307 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി നല്‍കിയത്. ഇന്ദ്രാണി മുഖര്‍ജിയും അവരുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമാണ് ഐഎന്‍എക്സ് മീഡിയയുടെ സ്ഥാപകര്‍. 2007 ലാണ് കമ്പനി സ്ഥാപിക്കപ്പെട്ടത്.

ധനകാര്യ മന്ത്രാലയത്തിലെ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് വിഭാഗമാണ് മൗറിഷ്യസ് ആസ്ഥാനമായ മൂന്ന് കമ്പനികള്‍ ഐഎന്‍എക്സ് ലിമിറ്റഡില്‍ 305 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുള്ളതായി കണ്ടെത്തിയത്. പിന്നീട് 2010 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഐഎന്‍എക്സ് മീഡിയ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘിച്ചതിന് കേസെടുത്തു. രണ്ട് കേസുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. 2017 ലാണ് സിബിഐ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് കാണിച്ചുവെന്നാരോപിച്ച് കേസ് റജിസ്റ്റര്‍ ചെയതത്.

2018 ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പണം തട്ടിപ്പിനുള്ള കേസും റജിസ്റ്റര്‍ ചെയ്തു. 2018 മാര്‍ച്ചില്‍ ഇന്ദ്രാണി മുഖര്‍ജി കേസുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് മൊഴി നല്‍കി. ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിന് അനുമതി നല്‍കാന്‍ 10 ലക്ഷം ഡോളറിന്റെ കരാറില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമായി ഏര്‍പ്പെട്ടുവെന്നായിരുന്നു ഇവരുടെ മൊഴി.

ഇന്ദ്രാണി മുഖര്‍ജിയെ കഴിഞ്ഞ മാസം ഡല്‍ഹി കോടതി മാപ്പു സാക്ഷിയാക്കിയിരുന്നു. മകള്‍ ഷീന ബൊറയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കൂടിയാണ് ഇന്ദ്രാണി മുഖര്‍ജി. എഫ് ഐ ആര്‍ അനുസരിച്ച് ഐഎന്‍എക്സ് മീഡിയ വിദേശ നിക്ഷേപ ബോര്‍ഡിനെ സമീപിക്കുന്നത് 2007 മാര്‍ച്ച് 13 നാണ്. 2007 മെയ് 30 ന് 4.62 കോടി വിദേശ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി കമ്പനിയ്ക്ക് ലഭിക്കുന്നു. സിബിഐയുടെ വാദമനുസരിച്ച് ബോര്‍ഡ് നല്‍കിയ നിബന്ധനകള്‍ക്ക് വിധേയമായ അനുമതി മറികടന്നാണ് 305 കോടി സ്വീകരിച്ചത്.

കാര്‍ത്തി ചിദംബരത്തിന്റെ ചെസ് മാനേജ്മെന്റ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടയിലാണ് ഐഎന്‍എക്സ് മീഡിയയുമായി അദ്ദേഹത്തിനുള്ള ബന്ധം വെളിച്ചത്ത് വന്നത്. കാര്‍ത്തി ചിദംബരത്തിന്റെ ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ഭാസ്‌ക്കരരാമന്റെ കംപ്യൂട്ടറില്‍നിന്നാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയ സമയത്ത് കാര്‍ത്തി ചിദംബരത്തിന് പണം ലഭിച്ചുവെന്ന സൂചിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്നാണ് അന്വേഷണ സംഘം അവകാശപ്പെട്ടത്. ഇതേ തുടര്‍ന്നാണ് സിബിഐ കേസ് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ 54 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു.

2008 മെയ് 26 ന് വിദേശ നിക്ഷേപ ബോര്‍ഡ് ഐഎന്‍എക്സ് ബോര്‍ഡില്‍നിന്നും വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിശദീകരണം തേടുന്നു. ഈ ഘട്ടത്തിലാണ് ഐഎന്‍എക്സ് മീഡിയ കാര്‍ത്തി ചിദംബരത്തിന്റെ കമ്പനിയുമായി ബന്ധപ്പെടുന്നത്. വിദേശനിക്ഷേപ ബോര്‍ഡിലുള്ളവരെ, ചിദംബരത്തിന്റെ മകനെന്ന നിലയില്‍ സ്വാധീനിച്ച് വിഷയം തീര്‍പ്പക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഈ ഘട്ടത്തില്‍ ഐഎന്‍എക്സ് മീഡിയക്കെതിരെ തുടരന്വേഷണം നടത്തുന്നതിന് പകരം കമ്പനിയോട് വിദേശ നിക്ഷേപത്തിന് പുതിയ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെടുന്നത്.

നേരത്തെ ലഭിച്ച വിദേശ നിക്ഷേപത്തിന് അനുമതി തേടികൊണ്ട് അപേക്ഷ നല്‍കാനാണ് ധനമന്ത്രാലയം നിര്‍ദ്ദേശിച്ചത്. ഇതില്‍ ക്രമക്കേടുണ്ടെന്നാണ് സിബിഐയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് പി ചിദംബരത്തെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമാണ ചോദ്യം ചെയ്തത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പി ചിദംബരം നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതി അനുകൂല വിധി നല്‍കിയിരുന്നു.

എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്ന അന്വേഷണ സംഘത്തിന്റെ അപേക്ഷ പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പി ചിദംബരത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനെതിരെ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് കേന്ദ്രം എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

പി ചിദംബരത്തിന്റെ അറസ്റ്റ് ആസന്നമായിരിക്കെ എഐസിസി ഭാരവാഹികള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഭീരുക്കളായ വിഡ്ഡികളാണ് ചിദംബരത്തെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഇവര്‍ ആരോപിച്ചത്. പ്രിയങ്ക ഗാന്ധിയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് പ്രതികരിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: