ചലച്ചിത്ര ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു.

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഇദ്ദേഹത്തിന്റെ വര്‍ക്കുകള്‍ക്ക് മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം 6 തവണ നേടിയിട്ടുണ്ട്. 1996ല്‍ പുറത്തിറങ്ങിയ ജയരാജ് സംവിധാനം ചെയ്ത ദേശാടനത്തിനാണ് ആദ്യത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

പിന്നീട് ജയരാജിന്റെ തന്നെ സംവിധാനത്തില്‍ 99ല്‍ കരുണത്തിനും അവാര്‍ഡ് ലഭിച്ചു. 2007ല്‍ അടയാളങ്ങള്‍, 2008ല്‍ ബയോസ്‌കോപ്പ്, 2010ല്‍ വീട്ടിലേക്കുള്ള വഴി, 2011ല്‍ ആകാശത്തിന്റെ നിറം എന്നീ സിനിമകള്‍ക്കും മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ലഭിക്കുകയുണ്ടായി. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിനാണ് അവസാനം അവാര്‍ഡ് ലഭിച്ചത്.

കൂടുതലും സമാന്തര സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നത്. വാണിജ്യ സിനിമകളും ചെയ്യാതിരുന്നിട്ടില്ല. ജഗദീഷ് നായകനായ സ്ത്രീധനം പോലുള്ള നിരവധി വാണിജ്യ സിനിമകളിലും ഇദ്ദേഹം ക്യാമറ ചെയ്തിട്ടുണ്ട്. എന്‍എന്‍ ബാലകൃഷ്ണന്റെ ശിഷ്യനായിരുന്നു. ഇദ്ദേഹത്തെ അസിസ്റ്റ് ചെയ്ത് സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് എംജെ രാധാകൃഷ്ണന്‍ തുടങ്ങിയത്. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനംകിളിയാണ് ആദ്യമായി സ്വതന്ത്ര ക്യാമറാമാനായ ചിത്രം. പഞ്ചവടിപ്പാലം എന്ന ചിത്രത്തിന്റെ സ്റ്റില്‍സ് ഇദ്ദേഹത്തിന്റേതായിരുന്നു.

Share this news

Leave a Reply

%d bloggers like this: