ചലച്ചിത്രപുരസ്‌കാരം നിര്‍ണ്ണയം അന്തിമഘട്ടത്തില്‍, മമ്മൂട്ടിയും മഞ്ജു വാര്യരും ജയസൂര്യയും മുസ്തഫയും പരിഗണനയില്‍

 

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നിര്‍ണ്ണയം അന്തിമഘട്ടത്തോടടുക്കുന്നു. മികച്ച മത്സരമാണ് ഇക്കുറി നടന്നതെന്നാണ് സൂചന. സ്‌ക്രീനിംഗ് പൂര്‍ത്തിയായാല്‍ നാളെ വൈകിട്ടോടെ പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. മുന്നറിയിപ്പ് എന്ന സിനിമയിലെ പ്രകടനത്തിന് മമ്മൂട്ടി,അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ പ്രകടനത്തിന് ജയസൂര്യ എന്നിവരെ മികച്ച നടന്‍മാരായി പരിഗണിക്കുന്നതായി സൂചനയുണ്ട്. ഐനിലെ പ്രകടനത്തിന് മുസ്തഫയെയും 1983യിലെ പ്രകടനത്തിന് നിവിന്‍ പോളിയെയും പ്രകടനത്തിന് പരിഗണിച്ചിട്ടുണ്ട്. മഞ്ജു വാര്യരാണ് അഭിനേത്രിക്കുള്ള പുരസ്‌കാര പരിഗണനയില്‍ മുന്നില്‍.

ദേശീയ പുരസ്‌കാരം നേടി സിദ്ധാര്‍ത്ഥ് ശിവാ ചിത്രം അയിന്‍, അമല്‍ നീരദിന്റെ ഇയ്യോബിന്റെ പുസ്തകം, വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ്, 1983, അപ്പോത്തിക്കിരി, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ ചിത്രങ്ങളെ വിവിധ വിഭാഗങ്ങളിലായി അന്തിമറൗണ്ടിലേക്ക് പരിഗണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ജയരാജ്(ഒറ്റാല്‍), സിദ്ധാര്‍ത്ഥ് ശിവ(ഐന്‍),വേണു(മുന്നറിയിപ്പ്)എന്നിവരാണ് മികച്ച സംവിധാനത്തിനുള്ള പരിഗണനയില്‍ മുന്നിലെത്തിയതെന്നും സൂചനയുണ്ട്. നവാഗത സംവിധായകനായി എബ്രിഡ് ഷൈനിനെയും ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരത്തിന് ബാംഗ്‌ളൂര്‍ ഡേയ്‌സിനെയും പരിഗണിച്ചതായി അറിയുന്നു.

തിരക്കഥാകൃത്തും സംവിധായകനുമായ ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തുന്നത്. ബാലു കിരിയത്ത്,സുരേഷ് ഉണ്ണിത്താന്‍,സണ്ണി ജോസഫ്, എ എം ഹംസ,ജി മുരളി എന്നിവരാണ് ജൂറി അംഗങ്ങള്‍. നാളെ വൈകീട്ട് 5നാണ് അവാര്‍ഡ് പ്രഖ്യാപനം.

-എജെ-

Share this news

Leave a Reply

%d bloggers like this: