ചരിത്ര വിജയം ആവര്‍ത്തിച്ച് ബി.ജെ. പി ഭരണ തുടര്‍ച്ചയിലേക്ക് : പാര്‍ട്ടി ആസ്ഥാനത്ത് ആഹ്ലാദ പ്രകടങ്ങള്‍ നടത്തി മോദിയും അമിത്ഷായും

ന്യൂഡല്‍ഹി : 17 മത് ലോക്‌സഭയയിലേക്ക് നടന്ന വാശിയേറിയ തെരെഞ്ഞെടുപ്പില്‍ മിന്നും പ്രകടനവുമായി എന്‍.ഡി .എ ഭരണത്തുടര്‍ച്ചയിലേക്ക്. കേവല ഭൂരിപക്ഷത്തിനും അപ്പുറത്തേക്ക് മറ്റു പാര്‍ട്ടികളുമായി സഖ്യം ആവശ്യമില്ലാതെ തന്നെ 2014 ഇല്‍ ലഭിച്ച വിജയത്തേക്കാള്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി മുന്നേറ്റം നടത്തിയത്.

മോദിക്ക് പ്രതികൂലമായ ഒരു ജനവികാരം നിലനിക്കുന്നുണ്ടെന്നും, അതിനെ എളുപ്പത്തില്‍ കീഴക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് വന്‍ തിരിച്ചടി നേരിടുകയായിരുന്നു. ദേശീയ തലത്തില്‍ മറ്റു കൂട്ടുകെട്ടുകളോ വിശാല സഖ്യങ്ങളോ ഉണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു തട്ടിക്കൂട്ടി ഉണ്ടാക്കിയ ജനസമ്പര്‍ക്കം അത്ര ഫലപ്രദമായില്ലെന്ന് വേണം മനസിലാക്കാന്‍.

തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നപ്പോള്‍ എന്‍ഡിഎയ്ക്ക് 345 സീറ്റില്‍ ഭൂരിപക്ഷമുണ്ട്. കോണ്‍ഗ്രസിന് 53 സീറ്റും യുപിഎയ്ക്ക് 91 സീറ്റുകളാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവിന്റെ പദവി പോലും കിട്ടാത്ത അവസ്ഥയിലാണ് ഇത്തവണയും കോണ്‍ഗ്രസ്. തിരെഞ്ഞെടുപ്പ് വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്ന് മോഡി പാര്‍ട്ടി ആസ്ഥാനത്തു നടന്ന സ്വീകരണത്തില്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ കുതിപ്പിനെ തടയുമെന്ന ബിഎസ്പി എസ്പിയ്ക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. 18 സീറ്റില്‍ മാത്രമാണ് എസ്പി ബിഎസ്പി സഖ്യത്തിന് വിജയിക്കാനായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തിയില്‍ 40,000 ത്തിലേറെ വോട്ടിന് പരാജയപ്പെട്ടു. വയനാട്ടില്‍ രാഹുല്‍ നാല് ലക്ഷത്തിലേറെ വോട്ടിന് വിജയിക്കുകയും ചെയ്തു.

സഖ്യമായി മല്‍സരിച്ച കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളിലും കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടു. മഹാരാഷ്ട്രയില്‍ 41 സീറ്റിലാണ് എന്‍ഡിഎ വിജയിച്ചത്. കോണ്‍ഗ്രസ് എന്‍സിപി സഖ്യത്തിന് അഞ്ച് സീറ്റ് മാത്രമാണ് ലഭിച്ചത്. ജനതാദള്‍ എസുമായി സഖ്യമായി മല്‍സരിച്ച കര്‍ണാടകത്തില്‍ വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. ഇവിടെ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടി വിജയിച്ചത്. ദേവഗൗഡ, മല്ലികാര്‍ജ്ജുന ഖാര്‍ഗെ തുടങ്ങിയ പ്രമുഖരും പരാജയപ്പെട്ടു. ബിഹാറില്‍ രാഷ്ട്രീയ ജനതാദളുമായി സഖ്യമായാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ഒരു സീറ്റില്‍ മാത്രമാണ് ഇവിടെ വിജയിക്കാനായത്

നാല് മാസം മുമ്പ് നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിയ വിജയം നേടിയ മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും കോണ്‍ഗ്രസിന് കനത്ത പരാജയമാണ് നേരിട്ടത്. ചത്തീസ്ഗഡില്‍ രണ്ട് സീറ്റുമാത്രമാണ് ഒമ്പത് സീറ്റില്‍ ലഭിച്ചത്. മധ്യപ്രദേശില്‍ 29 സീറ്റില്‍ 28 സീറ്റും ബിജെപി നേടി. രാജസ്ഥാനിലും ഗുജറാത്തിലും മുഴുവന്‍ സീറ്റിലും എന്‍ഡിഎയ്ക്കാണ് വിജയം.

ബംഗാളില്‍ ബിജെപി വന്‍ നേട്ടമാണ് കൈവരിച്ചത്. തൃണമുല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളില്‍ ബിജെപി വിജയക്കൊടി നാട്ടി. 17സീറ്റിലാണ് ഇവിടെ എന്‍ഡിഎ വിജയിച്ചത്. ഇവിടെ 23 സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റിലാണ് ഇവിടെ വിജയിച്ചത്. ഇടതുപക്ഷം പൂര്‍ണമായും തകര്‍ന്നടിഞ്ഞു.

തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം തൂത്തുവാരി. ഇവിടെ നടന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും ഡിഎംകെയ്ക്കാണ് മേല്‍ക്കൈ. ഇത് എഐഎഡിഎംകെ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്.

ആന്ധ്രപ്രദേശില്‍ ജഗ്മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ നാല് ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. ഇവിടെ ലോക്സഭയിലും വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ് വന്‍മുന്നേറ്റം ഉണ്ടാക്കിയത്. 25 സീറ്റുകളിലാണ് ഇവിടെ വിജയിച്ചത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി തുടച്ചുനീക്കപ്പെട്ടു. ഏഴ് സീറ്റിലും ബിജെപി വിജയിച്ചു. ഒഡീസയില്‍ എട്ട് സീറ്റാണ് എന്‍ഡിഎ സീറ്റ് ലഭിച്ചത്. തോല്‍വിയുടെ ഉത്തരവാദിത്തമേറ്റെടുത്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നിരാശരാകരുതെന്നും ശക്തമായി പോരാടി തിരിച്ചുവരുമെന്നും പ്രതികരിച്ചു. കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ച നേടിയ മോദിയെ ആദ്യമായി അഭിനന്ദനം അറിയിത്തത് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവാണ്. തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ്, പാകിസ്ഥാന്‍ പ്രധാനമന്ത്രി എന്നിവരും അനുമോദനം അറിയിച്ചു.

ഡികെ

Share this news

Leave a Reply

%d bloggers like this: