ചരിത്രനേട്ടം: സംസ്ഥാനത്ത് ആദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ

 

സംസ്ഥാനത്ത് ഇതാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് സംസ്ഥാന ആരോഗ്യവകുപ്പിന് അഭിമാനിക്കത്തക്കതായ അവയവമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

ആലുവ കടുങ്ങല്ലൂര്‍ സ്വദേശി വിനയകുമാറിന്റെ ഹൃദയം പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോനില്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച വിനിയകുമാറിന്റെ കുടുംബം അവയവദാനത്തിനായി സമ്മതിച്ചതോടെ സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി പ്രകാരം ഹൃദയം സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നവരുടെ പട്ടിക പരിശോധിച്ചതില്‍ കോട്ടയത്ത് രണ്ട് പേരുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചിറ്റാര്‍ സ്വദേശിയായ പൊടിമോന് ഇത് യോജിക്കും എന്ന് കണ്ടെത്തിയത്.

ഫാക്ടിലെ കരാര്‍ ജീവനക്കാരനായ വിനയകുമാര്‍ ഞായറാഴ്ച ഏലൂരിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനയകുമാറിന് തിങ്കളാഴ്ച രാത്രിയോടെ മസ്തിഷ്‌കമരണം സംഭവിച്ചു. പൊടിമോന്റെ ശരീരത്തില്‍ ഹൃദയം യോജിക്കും എന്ന് കണ്ടെത്തിയതോടെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ശസ്ത്രക്രിയ ആരംഭിച്ചു. രാത്രി 12 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ പുലര്‍ച്ചെ മൂന്നു മണിയോടെ അവസാനിക്കുകയും നാലരയോടെ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹൃദയം കോട്ടയത്ത് എത്തിച്ചത്.

തുടര്‍ന്ന് പൊടിമോന്റെ ശരീരത്തില്‍ ഹൃദയം തുന്നിപ്പിടിപ്പിക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. ആറ് മണിയോടെ ശസ്ത്രക്രിയയുടെ ആദ്യ ഘട്ടം വിജയകരമായി പിന്നിട്ടു. പൊടിമോന്റെ ശരീരത്തില്‍ വിനയകുമാറിന്റെ ഹൃദയം മിടിച്ചുതുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയത്തിന് പുറമെ വിനയകുമാറിന്റെ വൃക്കകളും കരളും നേത്രപടലവും ദാനം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് ഇതിന് മുന്‍പ് ഹൃദയം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ശ്രീചിത്രയിലാണ്. സ്വകാര്യ ആശുപത്രികളില്‍ 20 മുതല്‍ 30 ലക്ഷം രൂപ വരെ ചെലവ് വരുന്ന ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് ചെലവ് വന്നിട്ടുള്ളത്.

Share this news

Leave a Reply

%d bloggers like this: