ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി ഇന്ത്യയുടെ ചന്ദ്രയാന്‍ 2 : ചരിത്രമുഹൂര്‍ത്തതിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി

ബെംഗളൂരു : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ 2 ജൂലൈ15 പുലര്‍ച്ചെ 2.59 കുതിച്ചുയരും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് ആദ്യമായാണ് ഒരു ബഹിരാകാശ വാഹനം എത്തുന്നത് . അതുകൊണ്ടുതന്നെ അതിസങ്കീര്‍ണമായ ലാന്‍ഡിംഗിനാണ് ചാന്ദ്രയാന്‍-2 ഒരുങ്ങുന്നത്. മൂന്ന് മൊഡ്യൂളുകളാണ് ചാന്ദ്രയാന്‍ രണ്ടാം ദൗത്യത്തിലുള്ളത്. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ. ലാന്‍ഡിംഗിന് ഉപയോഗിക്കുന്ന മൊഡ്യൂളിന്റെ പേര് വിക്രം എന്നാണ്. വിക്രം സാരാഭായിക്ക് ആദരമര്‍പ്പിച്ചുകൊണ്ടുള്ള പേര്.

സോഫ്റ്റ് ലാന്‍ഡിംഗ് രീതി ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്നതും ഈ വിക്ഷേപണത്തിലൂടെ തന്നെ. ചാന്ദ്രയാന്‍ – ഒന്നാം ദൗത്യത്തിലടക്കം ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐഎസ്ആര്‍ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗിന് ശ്രമിക്കുകയാണ് ഐഎസ്ആര്‍ഒ. ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. ചന്ദ്രോപരിതലത്തിന്റെ ഘടന, ചന്ദ്രനിലെ മൂലകങ്ങളുടെ സാന്നിധ്യം, ചന്ദ്രനിലെ ജല സാന്നിധ്യം എന്നിവയെക്കുറിച്ച് കൂടുതല്‍ പഠനം നടത്തുകയാണ് ചാന്ദ്രയാന്‍ രണ്ടിന്റെ പ്രവര്‍ത്ത ദൗത്യങ്ങള്‍. ചന്ദ്രയാന്‍ 1 പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനം നിലച്ചതോടെയാണ് അടുത്ത ദൗത്യത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങിയത്.

നിര്‍ണ്ണായക ദൗത്യത്തെ ബഹിരാകാശത്തെത്തിക്കേണ്ട ചുമതല ഇന്ത്യ ഇന്ന് നിര്‍മ്മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ഫാറ്റ് ബോയ് എന്നും വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീക്കാണ്. ഡോ കെ ശിവന്‍ പത്ര സമ്മേളനത്തില്‍ ജിഎസ്എല്‍വി മാര്‍ക്ക് ത്രിയെ വിശേഷിപ്പിച്ചത് ബാഹുബലിയെന്നാണ്. 1990കളിലാണ് ജിഎസ്എല്‍വിയുടെ ജനനം. ഭൂമിയില്‍ നിന്ന് 35,000 കിലോമീറ്റര്‍ അകലെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാന്‍ കെല്‍പ്പുള്ള ഒരു വിക്ഷേപണ വാഹനം വേണമെന്ന ആവശ്യത്തില്‍ നിന്നാണ് ജിഎസ്എല്‍വി ഉണ്ടാകുന്നത്.

Share this news

Leave a Reply

%d bloggers like this: