ചന്ദ്രനെ ചുറ്റിയടിക്കാം: ആദ്യമായി വിനോദ യാത്രയ്ക്ക് ചന്ദ്രനിലേയ്ക്ക് മനുഷ്യനെ വിടാന്‍ സ്‌പേസ് എക്‌സ്

ഒരു ഭാഗ്യശാലിക്ക് ചന്ദ്രനിലേക്ക് യാത്ര പോകാന്‍ അവസരം ലഭിക്കുകയാണ്. എന്നാല്‍ പ്രദക്ഷിണം വയ്ക്കുന്ന തരത്തില്‍ ചിട്ടപ്പെടുത്തിയ യാത്രയില്‍ വാഹനം ചാന്ദ്രോപരിതലത്തില്‍ ഇറങ്ങില്ല. സെപ്റ്റംബര്‍ 13ന് എലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് (SpaceX) കമ്പനി ചന്ദ്രനെ ചുറ്റിയുള്ള യാത്രയുടെ കരാറില്‍ ആദ്യ യാത്രക്കാരനുമായി ഒപ്പിട്ടു. എന്നാല്‍ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

കമ്പനിയുടെ മെഗാറോക്കറ്റായ ‘ബിഎഫ്ആര്‍’ (ബിഗ് ഫാല്‍ക്കന്‍ റോക്കറ്റ്) ആയിരിക്കും ഇതിനായി ഉപയോഗിക്കുന്നത്. ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ ബിഎഫ്ആറിന്റെ പണി പൂര്‍ത്തീകരിച്ച ശേഷം പരീക്ഷണ പറക്കല്‍ നടത്തുമെന്ന് ചില ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. എന്നാല്‍ ചില ആളുകള്‍ പറയുന്നത്, ബിഎഫ്ആര്‍ അടുത്ത പത്ത് വര്‍ഷത്തിന് മധ്യേ മനുഷ്യരെ ചന്ദ്രന് ചുറ്റും പ്രദക്ഷിണം വയ്ക്കാനുള്ള യാത്രയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ്.

സാധാരണക്കാര്‍ക്ക് ബഹിരാകാശത്തേക്ക് പോവുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് സ്പേസ് എക്‌സ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയെ കുറിച്ച് കമ്പനി ട്വീറ്റ് ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരന്റെ പേര്-വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തും. പൊതുശ്രദ്ധ പിടിച്ചുപറ്റുന്നതിന്റെ ഭാഗമായി ഈ റോക്കറ്റിന്റെ മാതൃക പുറത്ത് വിടുമെന്ന് എലോണ്‍ മസ്‌ക് വ്യക്തമാക്കി. ചരിത്രത്തിലെ മറ്റ് റോക്കറ്റിനെക്കാളും ശക്തമായതും വലിപ്പമേറിയതുമായ റോക്കറ്റായിരിക്കും ഇതെന്ന് മസ്‌ക് മുന്‍പ് സൂചിപ്പിച്ചിരുന്നു.

2017ന്റെ തുടക്കത്തിലാണ് എലോണ്‍ മസ്‌ക് രണ്ട് സ്പേസ് ടൂറിസ്റ്റുകളെ ഈ വര്‍ഷം അവസാനം ചന്ദ്രനെ ചുറ്റിയുള്ള യാത്രക്കായി ബഹിരാകാശത്തേക്ക് അയയ്ക്കുമെന്നുള്ള വാര്‍ത്ത പുറത്ത് വിട്ടത്. ഫാല്‍ക്കന്‍ ഹെവി റോക്കറ്റിലാണ് സഞ്ചാരികളെ കൊണ്ടുപോകാനുള്ള പദ്ധതിയിട്ടിരുന്നത്. ഒരു ബില്യണ്‍ ഡോളറാണ് ഇതിന് വേണ്ടി സ്‌പെയ്‌സ് എക്‌സ് നിക്ഷേപിച്ചത്. ഈ വര്‍ഷം ആദ്യം ഫാല്‍ക്കന്‍ ഹെവി വിക്ഷേപിച്ചിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് 2018ല്‍ നടത്താനിരുന്ന മിഷന്‍ 2019ലേക്ക് യാത്രാപരിപാടി മാറ്റിയെന്ന് സ്‌പെയ്‌സ് എക്‌സ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയത്.

ഇപ്പോള്‍ വാണിജ്യ സാറ്റലൈറ്റുകളോ മിലിറ്ററി സാറ്റലൈറ്റുകളോ വിക്ഷേപിക്കാനാണ് ഫാല്‍ക്കന്‍ ഹെവിയെ കമ്പനി ഉപയോഗിക്കുന്നത്. ബിഎഫ്ആറിന്റെ നിര്‍മ്മാണത്തിലാണ് മസ്‌ക് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല കമ്പനി ഉടമ കൂടിയാണ് എലോണ്‍ മസ്‌ക്.

ബിഎഫ്ആര്‍ നിര്‍മ്മാണത്തെ പറ്റിയാണ് ഓരോ നിമിഷവും തന്റെ ശ്രദ്ധയെന്ന് സ്‌പെയ്‌സ് എക്‌സിന്റെ ഉദ്യോഗസ്ഥനും മാനേജറുമായി തോമസ് മുള്ളര്‍ ലോസ്ഏഞ്ചല്‍സില്‍ നടന്ന ഒരു സ്‌പെയ്‌സ് കോണ്‍ഫറന്‍സില്‍ പറഞ്ഞു. കമ്പനിയുടെ എല്ലാ റോക്കറ്റുകളും രൂപകല്‍പ്പന ചെയ്തത് തോമസ് മുള്ളറായിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: