ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.

ചാന്ദ്രോപരിതലത്തില്‍ വെച്ച് ആദ്യമായി വിത്ത് മുളപ്പിച്ച് ചൈനീസ് ബഹിരാകാശ ഏജന്‍സി. ചൈനയുടെ ബഹിരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്.

ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തില്‍ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്. ‘ജയന്റ് ലീഫ് ഫോര്‍ മാന്‍കൈന്‍ഡ്’ എന്നാണു ഈ സംഭവത്തെ ഗാര്‍ഡിയന്‍ പത്രം വിശേഷിപ്പിക്കുന്നത്. ഭൂമിക്ക് എതിരായി നില്‍ക്കുന്ന ചന്ദ്രന്റെ ഉപരിതലത്തില്‍ നിലയുറപ്പിക്കുന്ന ആദ്യത്തെ പേടകമാണ് ചൈനയുടെ ചാങ് 4. ജനുവരി മൂന്നിനാണ് ചാങ് 4 ചന്ദ്രനില്‍ എത്തുന്നത്.

സീല്‍ ചെയ്ത പാത്രത്തില്‍ അടച്ച നിലയിലാണ് പരുത്തി വിത്തുകള്‍ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകള്‍, ചെറു ഈച്ചകളുടെ മുട്ടകള്‍, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തില്‍ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകള്‍ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്‍) വെച്ച് ഇതിനു മുന്‍പ് സസ്യങ്ങള്‍ വളര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് ചന്ദ്രനില്‍ വെച്ച് ഒരു സസ്യം ജന്മമെടുക്കുന്നത്. ചന്ദ്രനില്‍ വെച്ച് സസ്യങ്ങള്‍ വളര്‍ത്താന്‍ സാധിക്കുന്നത് ഭാവിയില്‍ വിപുലമായ രീതിയിലുള്ള ബഹിരാകാശ യാത്രകള്‍ക്ക് പ്രചോദനമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: