ഗ്രെന്‍ഫെല്‍ ടവറിലെ അഗ്‌നിബാധ; ആറു മരണം സ്ഥിരീകരിച്ചു; മരണ സംഖ്യ ഇനിയും ഉയരാം

പടിഞ്ഞാറന്‍ ലണ്ടനിലെ ലാറ്റിമെര്‍ റോഡിലുള്ള ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ അഗ്‌നിബാധയില്‍ ആറു പേര്‍ മരിച്ചു. എന്നാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അധികൃതര്‍ പറയുന്നു. നിരവധി ആളുകള്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. അഗ്‌നിശമനസേനയുടെ 40 യൂണിറ്റുകളില്‍നിന്നായി 200ലേറെ ഉദ്യോഗസ്ഥരാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. ഇവര്‍ തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. നിരവധി പേരെ പുറത്തെത്തിച്ചെങ്കിലും പൂര്‍ണമായും അഗ്‌നിവിഴുങ്ങിയ കെട്ടിടത്തിനുള്ളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വളരെ വേഗത്തില്‍ തീപടര്‍ന്നു പിടിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമാകുന്നുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് തീപിടിത്തമുണ്ടായത്. 24 നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് തീ കെട്ടിടത്തില്‍ പൂര്‍ണമായും വ്യാപിക്കുകയായിരുന്നു.

നൂറുകണിക്കിനു ആളുകള്‍ ഗ്രെന്‍ഫെല്‍ ടവറില്‍ താമസിക്കുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കെട്ടിടത്തില്‍ കുടുങ്ങിയവരോട് മൊബൈല്‍ ഫോണുകളിലെ ഫ്‌ളാഷുകള്‍ തെളിയിച്ച് കെട്ടിടത്തിനുള്ളില്‍ ഉണ്ടെന്ന് അറിയിക്കണമെന്നാണ് അഗ്‌നിശമനസേനാ വിഭാഗം നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെട്ടിടത്തിനുള്ളില്‍ നിന്നു കൂടുതല്‍ ഫ്‌ളാഷ് ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവസ്ഥലത്തു പ്രത്യേക മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്നു സമീപ പ്രദേശങ്ങളില്‍നിന്നു ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. കെട്ടിടത്തിന് നൂറുമീറ്റര്‍ അകലെവരെ ചാരവും പുകയും പടര്‍ന്നിട്ടുണ്ട്. മൈലുകള്‍ക്ക് അകലെനിന്നു തീ കാണാന്‍ സാധിക്കുമെന്നും കെട്ടിടത്തില്‍നിന്നു കോണ്ക്രീറ്റ് കഷ്ണങ്ങള്‍ താഴേക്കു വീഴുന്നതിന്റെയും ഗ്ലാസുകള്‍ പൊട്ടുന്നതിന്റെയും ശബ്ദം കേള്‍ക്കുന്നുണ്ടെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്നു പ്രദേശത്തെ റോഡുകള്‍ അടച്ചു. 1974ല്‍ സ്ഥാപിച്ച കെട്ടിടത്തിന് 67.30 മീറ്റര്‍ ഉയരം ഉണ്ടെന്നാണ് വിവരം. 140 ഫ്‌ലാറ്റുകള്‍ അടങ്ങിയ ഈ കെട്ടിടം നഗരത്തിലെ ഏറ്റവും പഴക്കമേറിയതാണ്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: