ഗ്രീക്ക് രക്ഷാപദ്ധതി …കരാറിന് തത്ത്വത്തില്‍ അംഗീകാരമായി

ഏഥന്‍സ്: ആഴ്ചകള്‍നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രീക്ക് രക്ഷാപദ്ധതി വ്യവസ്ഥകളില്‍ ഗ്രീക്ക് സര്‍ക്കാരും യൂറോ സോണും ധാരണയിലെത്തെി. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമീഷനും മുന്നോട്ടുവെച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെയാണ് കരാറിന് തത്ത്വത്തില്‍ അംഗീകാരമായത്.

2022നുള്ളില്‍ വിരമിക്കല്‍ പ്രായം 67 ആയി ഉയര്‍ത്തുക, ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം സ്വീകരിക്കുക, അടുത്ത ബജറ്റ് മുതല്‍ ബജറ്റ് കമ്മി ഒഴിവാക്കുക, 2018ല്‍ ബജറ്റ് മിച്ചം 3.5 ആയി ഉയര്‍ത്തുക, സാമൂഹികക്ഷേമ നടപടികള്‍ ഭാഗികമായി അവസാനിപ്പിക്കുക, പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുക, പുതിയ തൊഴില്‍മേഖല തുറക്കുക, നികുതി വര്‍ധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ഇരുവിഭാഗവും തമ്മില്‍ ധാരണയിലത്തെിയത്.

ഗ്രീക്ക് പാര്‍ലമെന്റും യൂറോപ്യന്‍ യൂനിയനും വ്യവസ്ഥകള്‍ക്ക് അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. പദ്ധതിക്ക് ഇനി രാഷ്ട്രീയാംഗീകാരം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണ് സഹായമനുവദിക്കുക.

സര്‍ക്കാര്‍സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച് ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി നീക്കിവെക്കണമെന്ന നിര്‍ദേശത്തെച്ചൊല്ലി ഗ്രീക്ക് സര്‍ക്കാറും യൂറോപ്യന്‍ യൂനിയനും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെങ്കിലും അതും തീരുമാനമായതോടെയാണ് അംഗീകാരം ലഭിച്ചത്.

ഗ്രീക്ക് പാര്‍ലമെന്റ് കരാറിന് ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കിലും ആഗസ്റ്റ് 20ന് അവധിയത്തെുന്ന 300 കോടി ഡോളര്‍ വായ്പ തിരിച്ചടക്കാന്‍ പ്രയാസപ്പെടും. ഇത് പ്രതിസന്ധി വീണ്ടും ഗുരുതരമാക്കുമെന്ന ആശങ്കയുണ്ട്.

Share this news

Leave a Reply

%d bloggers like this: