ഗോവിന്ദച്ചാമിയെയും തൂക്കികൊല്ലരുതെന്നാണ് നിലപാടെന്ന് എംഎ ബേബി

കോഴിക്കോട്: വധശിക്ഷ വേണ്ടെന്ന നിലപാടില്‍ സി.പി.ഐ.എം. ഉറച്ച് നില്‍ക്കുന്നതായി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കേരളത്തില്‍ സൗമ്യ എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയെയും തൂക്കി കൊല്ലരുതെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വധശിക്ഷ ന്യായമോ, അന്യായമോ എന്ന വിഷയത്തില്‍ മാതൃഭൂമി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ബേബി ഇക്കാര്യം വ്യക്തമാക്കിയത്.

രാജീവ് ഗാന്ധി വധത്തില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചവരെ തടവിലിട്ടിരിക്കുന്നത് പോലെ സൗമ്യയെ ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമിയെയും ജീവിതാവസാനംവരെയും ശിക്ഷ റദ്ദുചെയ്യാതെ തടവിലിടണം. ബലാത്സംഗക്കൊലപാതക കേസുകളിലെ പ്രതികള്‍ക്കും വധശിക്ഷ വേണ്ട എന്നത് സി.പി.ഐ.എമ്മിന്റെ മാത്രം നിലപാടല്ല മറിച്ച് രാജ്യത്തെ പ്രമുഖരായ നിയമജ്ഞരും വധശിക്ഷയെ എതിര്‍ക്കുന്നവരാണെന്ന് ബേബി പറയുന്നു.

കുതര്‍ക്കം ഉന്നയിച്ച് വധശിക്ഷ ആവശ്യപ്പെടുന്ന ആര്‍.എസ്.എസുകാരുടെ വാദങ്ങളുടെ അടിസ്ഥാനത്തിലല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. പലപ്പോഴും വധശിക്ഷയെ ഇടതുപക്ഷം അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലും പുറത്തും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. വിവിധ രാജ്യങ്ങളിലുണ്ടായ മാറ്റങ്ങളും സംവാദങ്ങളും നിരീക്ഷിച്ചു. ഇതിന്റെയടിസ്ഥാനത്തിലാണ് 2013 മെയ് മാസത്തില്‍ ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മറ്റി വധശിക്ഷയ്‌ക്കെതിരായ നിലപാട് സ്വീകരിച്ചതെന്നും ബേബി വ്യക്തമാക്കി.

വധശിക്ഷ സംബന്ധിച്ച നാഷണല്‍ ലോ സ്‌കൂളിന്റെ പഠനമനുസരിച്ച് ഇന്ത്യയില്‍ തൂക്കികൊല്ലപ്പെടുന്നവരില്‍ 75 ശതമാനം പേരും കേസുകള്‍ ഫലപ്രദമായി വാദിക്കാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ്. ഇവരെല്ലാം പിന്നാക്ക ജാതിയിലോ മതന്യൂനപക്ഷത്തിലോ പെടുന്നവരാണ്. ഇത്തരത്തിലുള്ള വേര്‍ തിരിവും വധശിക്ഷയെ എതിര്‍ക്കാനുള്ള കാരണമായി ബേബി ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വധശിക്ഷ നടപ്പിലാക്കുന്നത് വസ്തു നിഷ്ഠമല്ലാതെയാണ് അത് മനുഷ്യത്വ രഹിതവും നടപ്പാക്കി കഴിഞ്ഞാല്‍ തിരുത്താന്‍ കഴിയാത്തതുമാണ്. വധശിക്ഷയുടെ പേരില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും കുറ്റപ്പെടുത്തി.

Share this news

Leave a Reply

%d bloggers like this: