ഗൂഗിള്‍ പ്ലേ മ്യൂസികിന് പകരം പുതിയ സേവനവുമായി ഗൂഗിള്‍; അയര്‍ലണ്ടില്‍ ഉടന്‍

ആപ്പിള്‍ മ്യൂസിക്, സ്പോടിഫൈ, ആമസോണ്‍ പോലുള്ള മ്യൂസിക് സ്ട്രീമിങ് സേവനങ്ങള്‍ക്ക് വെല്ലുവിളിയായി യൂട്യൂബ് പുതിയ മ്യൂസിക് സ്ട്രീമിങ് സേവനത്തിന് അടുത്തയാഴ്ച തുടക്കമിടും. ഗൂഗിള്‍ പ്ലേ മ്യൂസികിന് പകരമായിരിക്കും ഗൂഗിളിന്റെ പുതിയ സേവനം. സബ്സ്‌ക്രിപ്ഷന്‍ സൗകര്യത്തോടുകൂടിയുള്ള സേവനമായിരിക്കും ഇതും. എന്നാല്‍ പരസ്യങ്ങളോടുകൂടിയ സൗജന്യ സേവനവും ഇതില്‍ ലഭിക്കും. യൂട്യൂബ് മ്യൂസിക് പ്രീമിയം വരിക്കാരാവാന്‍ പ്രതിമാസം 9.99 ഡോളര്‍ ആണ് (ഏകദേശം 679 രൂപ) ചിലവ്. അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, മെക്സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ മേയ് 22 ന് പുതിയ സേവനത്തിന് തുടക്കമിടും. അതിന് ശേഷം അയര്‍ലണ്ട് ഉള്‍പ്പടെ മറ്റ് 14 രാജ്യങ്ങളില്‍ സേവനം ലഭ്യമാക്കും.

റീമിക്സുകള്‍, തത്സമയ പ്രകടനങ്ങള്‍, പാട്ടുകളുടെ കവര്‍ പതിപ്പുകള്‍, മറ്റെവിടെയും ലഭിക്കാത്ത മ്യൂസിക് വീഡിയോ ശേഖരങ്ങള്‍ എന്നിവ യൂട്യൂബ് മ്യൂസിക്കില്‍ ഉണ്ടാകുമെന്ന് പ്രൊഡക്റ്റ് മാനേജര്‍ ഏലിയാസ് റോമന്‍ പറഞ്ഞു. യൂട്യൂബ് മ്യൂസിക് നിലവില്‍ വന്നാലും ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം നിലനില്‍ക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് അവരുടെ പാട്ടുകള്‍ സ്ട്രീമിങിനായി അപ്ലോഡ് ചെയ്യാവുന്ന വിധത്തില്‍ ഒരു ക്ലൗഡ് ലോക്കര്‍ സംവിധാനമായി ഇത് മാറും. ഗൂഗിള്‍ പ്ലേ മ്യൂസികിന്റെ നിലവിലുള്ള വരിക്കാര്‍ ഓട്ടോമാറ്റിക് ആയി പുതിയ സേവനത്തിന്റെ വരിക്കാരായി മാറും.

അതേസമയം യൂട്യൂബിന്റെ പരസ്യമില്ലാത്തതും പണം നല്‍കി ഉപയോഗിക്കുന്നതുമായ യൂട്യൂബ് റെഡ് സേവനത്തിന്റെ പേര് യൂട്യൂബ് പ്രീമിയം എന്നായി മാറുകയും യൂട്യൂബ് മ്യൂസിക് സേവനം ഇതിനോട് ചേര്‍ക്കപ്പെടുകയും ചെയ്യും. 2014 ല്‍ അവതരിപ്പിച്ച യൂട്യൂബ് മ്യൂസിക് കീ എന്ന സേവനം പ്രതിമാസം 9.99 ഡോളര്‍ വിലയ്ക്ക് ഓഫ്ലൈന്‍ സ്ട്രീമിങ് ലഭ്യമാക്കിയിരുന്നു. മാത്രവുമല്ല യൂട്യൂബ് മ്യൂസിക് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ യൂട്യൂബ് വീഡിയോകള്‍ സ്‌ക്രീന്‍ ഓഫ് ആക്കി ഓഡിയോ മാത്രം കേള്‍ക്കാനുള്ള സൗകര്യവും നല്‍കിയിരുന്നു.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: