ഗൂഗിള്‍ കാഷ് പേയ്മെന്റ് ആപ്പ് ഗൂഗിള്‍ ടെസ് ഇന്ത്യയില്‍

 

ഗൂഗിളിന്റെ മൊബൈല്‍ കാഷ് പേയ്മെന്റ് ആപ്പായ ടെസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമാണ്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് ഡല്‍ഹിയില്‍ ആപ്പ് ലോഞ്ച് ചെയ്തത്. സര്‍ക്കാര്‍ പിന്തുണയുള്ള യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസിലാണ് (യുപിഐ) ടെസ് പ്രവര്‍ത്തിക്കുന്നത്. ഒരു ആപ്പില്‍ തന്നെ വിവിധ ബാങ്കുകള്‍ തമ്മിലുള്ള ട്രാന്‍സാക്ഷന്‍ യുപിഐ സാധ്യമാക്കുന്നു. ബെനിഫിഷ്യറി ആയി ചേര്‍ത്ത് കഴിഞ്ഞാല്‍ പിന്നെ അക്കൗണ്ട് വിവരങ്ങളോ കോഡുകളോ നല്‍കേണ്ടി വരില്ല. യൂസര്‍ ഓതന്റിഫിക്കേഷന്‍ കിട്ടി കഴിഞ്ഞാല്‍ ബാങ്ക് വിര്‍ച്വല്‍ അഡ്രസ് തരും.

ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ആദ്യം ബാങ്ക് അക്കൗണ്ട് ആപ്പുമായി ലിങ്ക് ചെയ്യണം. ഈ ആപ്പുള്ള ആര്‍ക്കും പണമയയ്ക്കാം. പണം നേരിട്ട് ബാങ്കില്‍ നിന്ന് ഡെബിറ്റ് ആകുന്നതിനാല്‍ വാലറ്റിലേയ്ക്ക് മാറ്റേണ്ട കാര്യമില്ല. ലൊക്കേഷന്‍ സര്‍വീസ് ഉപയോഗിച്ച് കാഷ് മോഡിലും പണം ട്രാന്‍സ്ഫര്‍ ചെയ്യാം. പേയ്മെന്റ് വാലറ്റായ ആന്‍ഡ്രോയ്ഡ് പേ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനാണ് ഗൂഗിള്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഡാറ്റ ട്രാന്‍സ്ഫര്‍, സ്റ്റോറേജ്, സെക്യൂരിറ്റി വിഷയങ്ങള്‍ സംബന്ധിച്ച് നിയന്ത്രണങ്ങള്‍ വന്നതോടെ ഇത് ഉപേക്ഷിച്ചു. എന്നാല്‍ റിസര്‍വ് ബാങ്ക് സ്ഥാപിച്ച നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പിന്തുണയുള്ള യുപിഐ സംവിധാനത്തില്‍ ഈ പ്രശ്നങ്ങള്‍ ഒഴിവായി. റീ ടെയില്‍ ഷോപ്പുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്യേണ്ട ആവശ്യമില്ല.

ഓണ്‍ലൈന്‍ റീ ടെയ്ലറായ ഫ്‌ലിപ് കാര്‍ട്ടിന്റെ പേയ്മെന്റ് ആപ്പായ ഫോണ്‍ പി, കാഷ് ട്രാന്‍സാക്ഷന്‍ സൈറ് – ആപ്പ് ആയ പേ ടിഎം തുടങ്ങിയവയെല്ലാം യുപിഐ ആണ് ഉപയോഗിക്കുന്നത്. വാട്സ് ആപ്പും ഉടന്‍ യുപിഐയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാഷ് പേയ്മെന്റ് ആപ്പ് തുടങ്ങിയേക്കും. ഗൂഗിളിന്റെ മ്യൂസിക്, വീഡിയോ സര്‍വീസുകളില്‍ ഉടന്‍ ഇത് ഉപയോഗക്ഷമമാകും. മിനിമം പേയ്മെന്റ് 50 രൂപയായിരിക്കും. ഇന്ത്യയില്‍ 90 ശതമാനത്തിലേറെ സ്മാര്‍ട് ഫോണുകളും ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോം ഉള്ളവയാണ്. ഏപ്രിലില്‍ പ്രവര്‍ത്തനക്ഷമമായ യുപിഐ സംവിധാനം നിലവില്‍ 30ഓളം ബാങ്കുകള്‍ സ്വീകരിച്ചിട്ടുണ്ട്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: