ഗിര്‍ വനത്തിലെ സന്യാസിക്ക് വേണ്ടി മാത്രം ഒരു പോളിംഗ് ബൂത്ത്…

ഗുജറാത്തിലെ ഗിര്‍ വനത്തിനുള്ളില്‍ കഴിയുന്ന ഒരു സന്യാസിക്ക് വേണ്ടി മാത്രം ജീവന്‍ പണയപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണയും പോളിംഗ് ബൂത്ത് ഒരുക്കി. വര്‍ഷങ്ങളായി ഗിര്‍ വനത്തിനുള്ളില്‍ തപസ് ചെയ്യുന്ന മെഹന്ത് ഭരത് ദാസ് ദര്‍ശന്‍ ദാസ് എന്ന സന്യാസിക്ക് വേണ്ടിയാണ് കമ്മിഷന്‍ പോളിങ് ബൂത്ത് ഒരുക്കിയത്. 2002 മുതല്‍ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പില്‍ ഭരത് ദാസ് വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

ഗിര്‍ വനത്തിനുള്ളില്‍ നിന്ന് 55 കി.മീ അകലെയുള്ള ബനേജ് ഗ്രാമത്തിലെ ഒരു ക്ഷേത്ര പരിസരത്താണ് പോളിങ് ബൂത്ത് സജ്ജീകരിച്ചത്. ജുനാഗഡ് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഗ്രാമമാണ് ബനേജ്. ഇവിടുത്തെ അതിപുരാതന ശിവക്ഷേത്രത്തിലാണ് വര്‍ഷങ്ങളായി ഭരത്ദാസ് തപസിരിക്കുന്നത്.

‘ഒരൊറ്റ വോട്ടിനായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പണം മുടക്കി ഇവിടെ പോളിങ് ബൂത്ത് ഒരുക്കുന്നത്. ഞാന്‍ വോട്ട് ചെയ്യുന്നതോടെ ഇവിടെ 100 ശതമാനം പോളിങ് രേഖപ്പെടുത്താം’ എന്നാണ് ഭരത് ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. വോട്ടര്‍മാര്‍ നില്‍ക്കുന്നിടത്തുനിന്നും രണ്ട് കിലോമീറ്റര്‍ അകലെ മാത്രമേ പോളിങ് ബൂത്ത് ഒരുക്കാന്‍ പാടുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതുകൊണ്ടാണ്, അപകടകരമാണെന്ന് അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ ഇവിടം വന്ന് പോളിങ് ബൂത്ത് ഒരുക്കുന്നത്.

സിംഹങ്ങളും കടുവകളും വന്യജീവികളും അധിവസിക്കുന്ന ഗിര്‍ വനത്തിലേക്ക് ജീവന്‍ പണയം വച്ചാണ് ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഉദ്യോഗസ്ഥര്‍ എത്താറുള്ളത്. ഇത്തവണ അരുണാചല്‍ പ്രദേശിലെ ഒരു പോളിംഗ് ബൂത്ത് ഒരുക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യേണ്ടി വന്നത് 400 കി.മീ. ആണ്. നാലു ദിവസത്തെ യാത്ര വേണം മലോഗാം എന്ന ഈ ഗ്രാമത്തില്‍ എത്തിചേരാന്‍. അഞ്ച് കുടുംബങ്ങള്‍ ഇവിടെ വസിക്കുന്നുണ്ടെങ്കിലും ഒരു വോട്ടര്‍ മാത്രമെ ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

Share this news

Leave a Reply

%d bloggers like this: