ഗാള്‍വേയില്‍ പുതിയ വികാരിക്ക് സ്വീകരണം നല്‍കി

ഗാള്‍വേ : ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ വികാരിയായി ചുമതലയേറ്റ ഫാ. ജോബിമോന്‍ സ്‌കറിയായ്ക്ക് ഇടവകയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

ദനഹാപെരുന്നാളിനോടനുബന്ധിച്ച് ജനുവരി അഞ്ചിന് (ചൊവ്വ) വൈകുന്നേരം നടന്ന വിശുദ്ധ കുര്‍ബാനക്ക് പള്ളിയില്‍ എത്തിച്ചേര്‍ന്ന ഫാ. ജോബിമോന്‍ സ്‌കറിയായെ മുന്‍ വികാരി ഫാ. ബിജു പാറേക്കാട്ടില്‍ കത്തിച്ച മെഴുകുതിരി നല്‍കി ഇടവക ഭരണസമിതിയുടെയും ഇടവകാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പുതിയ വികാരിയുടെ കാര്‍മികത്വത്തില്‍ ധൂപപ്രാര്‍ഥനയും സന്ധ്യ സമസ്‌കാരവും വിശുദ്ധ കുര്‍ബാനയും നടന്നു.

വിശുദ്ധ കുര്‍ബാന മധ്യേ മുന്‍ വികാരി ഫാ. ബിജു നടത്തിയ പ്രസംഗത്തില്‍ ഇടവകയുടെ സ്ഥാപക വികാരിയായ ഫാ. ജോബി അയര്‍ലന്‍ഡിലെ മിക്കവാറും ദേവാലയങ്ങളുടെ സ്ഥാപനത്തിന് നേതൃത്വം നല്‍കുകയും അധ്വാനിക്കുകയും ചെയ്ത സഭയിലെ അപൂര്‍വ വൈദിക ശ്രേഷ്ഠരില്‍ അഗ്രഗണ്യനാണെന്ന് ഓര്‍മിപ്പിച്ചു. ദൈവശാസ്ത്ര ഗവേഷകനായ ഫാ. ജോബിയുടെ ശുശ്രൂഷകള്‍ ഗാള്‍വേ പള്ളിക്ക് പുതിയ ആത്മീയ നിറവ് നല്‍കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്ഥാപനകാലം മുതല്‍ ഇടവക കാണിച്ചിട്ടുള്ള എല്ലാ സ്‌നേഹാദരങ്ങള്‍ക്കും ഫാ. ജോബിമോന്‍ സ്‌കറിയ പ്രത്യേകം നന്ദി പറഞ്ഞു.

ഡിസംബര്‍ 30ന് കാലം ചെയ്ത മുന്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍ മോര്‍ പീലിക്‌സിനോസിന്റെ ഓര്‍മയ്ക്കായി ധൂപപ്രാര്‍ഥനയും നടന്നു.

 

നോബി സി. മാത്യു

Share this news

Leave a Reply

%d bloggers like this: