ഗാലക്സി നോട്ട് 9 സ്മാര്‍ട്ഫോണും പൊട്ടിത്തെറിച്ചു, ചീത്തപ്പേര് മാറാതെ സാംസങ്

പേഴ്സിലിരുന്ന ഗാലക്സി നോട്ട് 9 സ്മാര്‍ട്ഫോണ്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് സാംസങിനെതിരെ നിയമ നടപടിയുമായി യുവതി. പൊട്ടിത്തെറി സംഭവങ്ങളും തീപ്പിടിത്തവും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഗാലക്സി നോട്ട് 7 സ്മാര്‍ട്ഫോണുകള്‍ ഒന്നടങ്കം വിപണിയില്‍ നിന്നും തിരിച്ചുവിളിക്കേണ്ടി വന്ന സംഭവത്തിന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷമാണ് വീണ്ടുമൊരു ഫോണ്‍ പൊട്ടിത്തെറി വിവാദം സാംസങിനെതിരെ ഉയരുന്നത്.

ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ സാംസങ് ഗാലക്സി 9 സ്മാര്‍ട്ഫോണും അപകടകരമാണെന്ന് പറയുകയാണ് ഡെയ്ന്‍ ചങ് എന്ന യുവതി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ ഡെയ്ന്‍ ചങിന്റെ പേഴ്സിലിരുന്ന ഗാലക്സി 9 ഫോണ്‍ ആണ് പൊട്ടിത്തെറിച്ച് തീപ്പിടിച്ചത്.

ഗാലക്സി നോട്ട് 9ലെ ബാറ്ററികള്‍ ഏറെ സുരക്ഷിതമാണെന്നും പുതിയ ഫോണ്‍ ഒരിക്കലും പൊട്ടിത്തെറിക്കില്ലെന്നും സാംസങ് മേധാവി ഡിജെ കോഹ് കഴിഞ്ഞമാസം ഉറപ്പ് നല്‍കിയിരുന്നു. ബാറ്ററികളെ കുറിച്ചാലോചിച്ച് ഉപയോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാല്‍ കമ്പനി മേധാവിയുടെ ഉറപ്പിന് വിപരീതമായ അനുഭവമാണ് ഡെയ്ന്‍ ചങിനുണ്ടായത്. സെപ്റ്റംബര്‍ മൂന്നിന് ഒരു ലിഫ്റ്റില്‍ യാത്ര ചെയ്യവെ തന്റെ ഫോണ്‍ വല്ലാതെ ചൂടായെന്ന് ചങ് പറയുന്നു. ഇതേ തുടര്‍ന്ന് ഫോണ്‍ ഉപയോഗിക്കുന്നത് നിര്‍ത്തി അത് ബാഗില്‍ വെച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ ബാഗിനുള്ളില്‍ നിന്നും വല്ലാത്ത ശബ്ദങ്ങളുണ്ടായെന്നും പേഴ്സിനുള്ളില്‍ നിന്നും പുക ഉയരാന്‍ തുടങ്ങിയെന്നും ചങ് പറയുന്നു.

ഉടന്‍ ബാഗ് ലിഫ്റ്റില്‍ താഴെ വെച്ച് അതിനുള്ളിലുള്ളതെല്ലാം പുറത്തേക്കെടുക്കാന്‍ ശ്രമിച്ചു. ഫോണ്‍ പുറത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതിയുടെ കൈയ്യില്‍ പൊള്ളലേറ്റു. ഫോണില്‍ നിന്നുമുള്ള പുക ലിഫ്റ്റില്‍ നിറയാനും തുടങ്ങിയതോടെ ലിഫ്റ്റിനുള്ളില്‍ തനിച്ചായ യുവതി പരിഭ്രാന്തയായി. എങ്ങനെയെങ്കിലും പുറത്തുകടക്കാന്‍ ലിഫ്റ്റിലെ ബട്ടനുകള്‍ തുടര്‍ച്ചയായി അമര്‍ത്തി. തൊട്ടടുത്ത നിലയിലെത്തിയ ഉടന്‍ ചങ് താഴെ കത്തിക്കൊണ്ടിരുന്ന ഫോണ്‍ പുറത്തേക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തന്റെ ഇടപാടുകാരെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നുവെന്നും ബാഗിനുള്ളിലുണ്ടായിരുന്ന സാധനങ്ങള്‍ നശിച്ചുവെന്നും ചങ് തന്റെ പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് ഡെയ്ന്‍ ചങ് കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍, സാംസങ് ഗാലക്സി നോട്ട് 9 ഫോണുകളുടെ വില്‍പന നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെടുന്നു.

എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമാണെന്ന നിലപാടിലാണ് കമ്പനി. ഗാലക്സി നോട്ട് 9 ഫോണുമായി ബന്ധപ്പെട്ട് സമാനമായ മറ്റൊരു പരാതിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഈ വിഷയം തങ്ങള്‍ അന്വേഷിച്ചുവരികയാണ് എന്നും സാംസങ് പ്രതിനിധി പറഞ്ഞതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ഫോണ്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചതിന് ശേഷം വിപണിയിലെത്തിച്ച ഗാലക്സി നോട്ട് 8 സ്മാര്‍ട്ഫോണ്‍ വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഈ ശ്രേണി കഴിഞ്ഞ് അവതരിപ്പിച്ചതാണ് സാംസങ് ഗാലക്സി നോട്ട് 9.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: