ഗാര്‍ഹിക കണക്ഷനുകളില്‍ ലെഡ് പൈപ്പുകളുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഉപഭോക്താക്കളുടെ ഉത്തരവാദിത്തമെന്ന് ഐറിഷ് വാട്ടര്‍

ഡബ്ലിന്‍: വീടുകളിലേക്കുള്ള കുടിവെള്ള വിതരണത്തില്‍ ലെഡിന്റെ അംശം അനുവദനീയമായ അളവില്‍ കുടതലുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ആയിരക്കണക്കിന് വീട്ടുടമസ്ഥര്‍ക്ക് ഐറിഷ് വാട്ടറിന്റെ കത്ത്. ഏകദേശം 20000 ത്തോളം വീടുകള്‍ക്കാണ് ഗാര്‍ഹിക കണക്ഷനില്‍ ലെഡ് പൈപ്പുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ച് ഐറിഷ് വാട്ടര്‍ കത്തയച്ചിരിക്കുന്നത്. വീടുകളിലേക്കു നല്‍കിയിരിക്കുന്ന പൈപ്പ് കണക്ഷനില്‍ ലെഡ് പൈപ്പുകള്‍ ഇല്ലെന്നുള്ള കാര്യം ഉറപ്പുവരുത്തേണ്ടത് ഓരോ ഉപഭോക്താവിന്റയും ഉത്തരവാദിത്തമാണെന്നും ലെഡ് പൈപ്പുകള്‍ ഉണ്ടെങ്കില്‍ അത് മാറ്റേണ്ടതും അവരവരുടെ ഉത്തരവാദിത്തമാണെന്നും ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. വീടിനു പുറത്തുള്ള പൈപ്പ് ലൈന്‍ കണക്ഷനു മാത്രമാണ് കമ്പനിയ്ക്കു ഉത്തരവാദിത്വമുള്ളു എന്ന നിലപാടിലാണ് അധികൃതര്‍. വീടുകള്‍ക്കുള്ളിലുള്ള പൈപ്പ് ലൈന്‍ കമ്പനിയ്ക്കു ഉത്തരവാദിത്വമില്ലെന്നും അതിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് അതത് വീട്ടുകാരാണെന്നുമാണ് കമ്പനിയുടെ നിലപാട്.

നേരത്തെ വീടുകളിലേക്കുള്ള എക്‌സ്‌റ്റേണല്‍ ലെഡ് പൈപ്പുകള്‍ ഐറിഷ് വാട്ടര്‍ അധികൃതര്‍ ഇടപെട്ടു നീക്കം ചെയ്തിരുന്നു. 300 മില്ല്യണ്‍ യൂറോ ചെലവഴിച്ച് പത്തു വര്‍ഷംകൊണ്ടു മാത്രമേ രാജ്യത്തെ പ്രധാന പൈപ്പ് ലൈനുകളില്‍ നിന്നുള്ള ലെഡ് പൈപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കൂ എന്നാണ് ഇപ്പോള്‍ ഐറിഷ് വാട്ടര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ വീടുകളിലെ ലീഡ് പൈപ്പുകള്‍ കണ്ടെത്താനും നടപടിയെടുക്കാനും ഓരോ വീട്ടുടമകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലെഡ് അടങ്ങിയ കുടിവെള്ളം കുടിക്കുന്നത് കുട്ടികളുടെ ബ്രെയിന്‍ ഡെവലപ്‌മെന്റിനെയും കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങളെയും ഗര്‍ഭിണികളെയും സാരമായി ബാധിക്കും.

ഡബ്ലിന്‍ സിറ്റി കൗണ്‍സിലില്‍ 15,994 വീടുകളിലും റാത്ടൗണില്‍ 2085 വീടുകളിലും സൗത്ത് ഡബ്ലിനില്‍ 1048 വീടുകളിലും ഫിനഗെലില്‍ 423 വീടുകളിലും ലെഡ് പൈപ്പുകള്‍ കണ്ടെത്തിയിരുന്നു. റാത് ടൗണിലെ വീടുകളില്‍ കഴിഞ്ഞയാഴ്ച ലെഡിന്റെ അംശം അനുവദനീയമായ അളവിലും കൂടുതലുണ്ടാകാം, പരിശോധന നടത്തണമെന്ന് വ്യക്തമാക്കിയ ഐറിഷ് വാട്ടര്‍ ലീഫ്‌ലെറ്റും ‘HSE Lead in Drinking Water’ FAQs ‘ വിന്റെ കോപ്പിയും അടങ്ങിയ ഐറിഷ് വാട്ടറിന്റെ ലെറ്ററുകള്‍ ലഭിച്ചിട്ടുണ്ട്. ഡബ്ലിനിലെ വീടുകള്‍ക്ക് ഈ ആഴ്ച ലെറ്ററുകള്‍ അയയ്ക്കുമെന്നാണ് സൂചന.

കുറഞ്ഞ വരുമാനക്കാര്‍ക്ക് ഗാര്‍ഹിക കണക്ഷനിലെ ലെഡ് പൈപ്പ് മാറ്റുന്നതിന് 4000 യൂറോ ഗ്രാന്റ് നല്‍കുമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി അലന്‍ കെല്ലി ഈ ആഴ്ച ആദ്യം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്ത് മീറ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തവര്‍ക്ക് വീടുകളിലെ കണക്ഷനില്‍ ഉണ്ടാകുന്ന ലീക്കുകള്‍ സൗജന്യമായി നന്നാക്കില്ലെന്നും വീടുവരെയുള്ള ലീക്കുകളോ ഐറിഷ് വാട്ടര്‍ സൗജന്യമായി നന്നാക്കൂ, വീടിനുള്ളിലെ ലീക്കുകള്‍ ഉടമസ്ഥര്‍ തന്നെ നന്നാക്കണമെന്നും എനര്‍ജി റെഗുലേറ്റര്‍ നല്‍കിയ നിര്‍ദേശം വിവാദമായിരിക്കുകയാണ്. ലീക്കുകള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അയയ്ക്കാം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സൗജന്യമായി റിപ്പയര്‍ ചെയ്തുകൊടുക്കില്ലെന്നുമാണ് ഐറിഷ് വാട്ടര്‍ പറയുന്നത്.
-എജെ-

 

Share this news

Leave a Reply

%d bloggers like this: