ഗാര്‍ഡ പാസ്‌പോര്‍ട്ട് പരിശോധിക്കുന്ന കാലം കഴിയുന്നു, ഒക്ടോബര്‍ മുതല്‍ ആ റോള്‍ ഏറ്റെടുക്കാന്‍ സിവില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍

 

ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിങ്ങളുടെ പാസ്‌പോര്‍ട്ട് ഗാര്‍ഡ പരിശോധിക്കുന്നുണ്ടെങ്കില്‍ അതിനി അധികകാലം നീണ്ടുനില്‍ക്കില്ല. ആ സ്ഥാനമേറ്റെടുക്കാന്‍ സിവില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാരെത്തുകയാണ്. എയര്‍പോര്‍ട്ടിലെ ഇമിഗ്രേഷന്‍, പാസ്‌പോര്‍ട്ട് പരിശോധന തുടങ്ങിയ ജോലികളില്‍ നിന്ന് ഗാര്‍ഡമാരെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റം. അടുത്തിടെ എയര്‍പോര്‍ട്ട് ഡ്യൂട്ടികളില്‍ ഉള്ള ഗാര്‍ഡമാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരുന്നു. 2008 ല്‍ 160 പേരുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 60 ആയി കുറഞ്ഞിരിക്കുകയാണ്.

ഗാര്‍ഡമാര്‍ക്ക് സുരക്ഷാ ചുമതലയാണ് നല്‍കുന്നതെന്നും ഇമിഗ്രേഷന്‍ സംബന്ധമായ പരിശോധനകളില്‍ നിന്ന് ഒഴിവാക്കുകകയാണെന്നും നീതിന്യായവകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് അറിയിച്ചു. ഒക്ടോബര്‍ മുതല്‍ സിവില്‍ ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2 വില്‍ പാസ്‌പോര്‍ട്ട് പരിശോധിക്കാനെത്തും. അധികം താമസിയാതെ എല്ലായിടത്തേക്കും ഇത് വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിലൂടെ ചെലവ് 7 മില്യണില്‍ നിന്ന് 3 മില്യണായി കുറയ്ക്കാനാകുമെന്നാണ് സൂചന.

അയര്‍ലന്‍ഡില്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ 4.2 മില്യണ്‍ ആളുകളാണ് അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത്. ഈ വര്‍ഷം 24 മില്യണ്‍ ആളുകള്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇമിഗ്രേഷനില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളോടൊപ്പം ആളുകള്‍ക്ക് എയര്‍പോര്‍ട്ടിലൂടെ പാസ് ചെയ്യാനുള്ള സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനായി 15 ഇ ഗേറ്റുകള്‍ സ്ഥാപിക്കാനാണ് തീരുമാനം. കൂടാതെ സെക്യൂരിറ്റി ചെക്കിംഗിനായി എത്രസമയം നില്‍ക്കേണ്ടിവരുമെന്ന് യാത്രക്കാര്‍ക്ക് അറിയാന്‍ സാധിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: