ഗര്‍ഭഛിദ്രത്തോട് മുഖം തിരിച്ച് ഐറിഷ് ആശുപത്രികളും ജിപിമാരും; സേവനങ്ങള്‍ ജനുവരി മുതല്‍ നടപ്പാക്കാനാവില്ലെന്ന് വരേദ്കര്‍

ഡബ്ലിന്‍: അബോര്‍ഷന്‍ സര്‍വീസുകള്‍ ജനുവരി ആദ്യവാരം മുതല്‍ എല്ലാ ഐറിഷ് ആശുപത്രികളിലും നടപ്പാക്കുക നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കര്‍. ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി നടപ്പാക്കാനിരിക്കെ ഇതിനെതിരെ പ്രതികരിച്ച് ഒരുകൂട്ടം ജിപിമാരും മെറ്റേണിറ്റി ഹോസ്പിറ്റലുകളും രംഗത്തെത്തിയതോടെയാണ് വരേദ്കര്‍ സാവകാശം ആവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയത്. നിയമം നടപ്പിലാക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ല എന്നാണ് പലരുടെയും പരാതി. പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവവും സുരക്ഷിതമായ സൗകര്യങ്ങളുടെ കുറവും നിയമം നടപ്പിലാക്കാന്‍ തടസ്സമാകുന്നുണ്ട്. ഗര്‍ഭഛിദ്ര സേവനം നല്‍കില്ല എന്ന് നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്.

ഗര്‍ഭഛിദ്രം നടപ്പാകുന്നത് സംബന്ധിച്ച പുതിയ നിയമം സിനഡില്‍ പാസാകേണ്ടതുണ്ട്. ഇതില്‍ ഭേദഗതി ഉണ്ടായാല്‍ വീണ്ടും ഡയലില്‍ ചര്‍ച്ച ചെയേണ്ടി വരും. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസമുണ്ടായാല്‍ അതില്‍ തീരുമാനമെടുക്കുന്നതിന് കോടതിയില്‍ എത്തിക്കാന്‍ പ്രസിഡന്റിന് മാത്രമാണ് അധികാരമുള്ളത്. അതേസമയം നിയമവുമായി മുന്നോട്ടുപോകാനാണ് പ്രസിഡന്റിന്റെ തീരുമാനമെങ്കില്‍ ജനുവരി മുതല്‍ ഗര്‍ഭഛിദ്ര സേവങ്ങള്‍ നല്‍കിത്തുടങ്ങുമെന്ന് വരേദ്കര്‍ വ്യക്തമാക്കി. എല്ലാ സ്ഥലത്തെയും എല്ലാ ആശുപത്രികളിലും സേവനം ലഭ്യമാകുമെന്ന് ഇതിനാല്‍ അര്‍ത്ഥമില്ലെന്നും സമയമെടുത്ത് മാത്രമേ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കാനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ മാനസികമോ ശാരീരികമോ ആയ പ്രശ്നങ്ങള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ 12 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് നിയമ ഭേദഗതി. ഏതെങ്കിലും ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചാല്‍ പകരം മറ്റൊരു ഡോക്ടര്‍ക്ക് റഫര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, കത്തോലിക്കാ രാജ്യമെന്ന നിലയില്‍ കടുത്ത എതിര്‍പ്പുകളാണ് ഭേദഗതിക്കെതിരേ രാജ്യത്ത് ഉയരുന്നത്. എതിര്‍ക്കുന്നവരില്‍ ഡോക്ടര്‍മാരും, നേഴ്സുമാരും മിഡൈ്വഫുമാരും ഉണ്ട്. താത്പര്യമില്ലാത്ത ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കേണ്ട എന്നും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മെയില്‍ നടന്ന ദേശീയ റെഫറണ്ടത്തിന്റെ ഫലമായാണ് എട്ടാം ഭേദഗതിയുടെ നീക്കത്തില്‍ കലാശിച്ചത്. ആദ്യത്തെ 12 ആഴ്ചകള്‍ വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമസാധ്യതയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അത്ര സ്വാഭാവികമല്ലെങ്കിലും പലപ്പോഴും ചെറിയ അശ്രദ്ധ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കൃത്യമായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ ഗര്‍ഭഛിദ്രം നടത്തുന്നതിന് വേണ്ടി കണ്ടെത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാടുകളെ അംഗീകരിക്കുന്നവര്‍ തന്നെ പറയുന്നു. ഫാര്‍മസിസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്സ്, നഴ്സസ് & മിഡൈ്വവ്സ് 4 ലൈഫ് അയര്‍ലണ്ട് തുടങ്ങിയ ആരോഗ്യ സംഘടനകളും, നൂറുകണക്കിന് ജിപിമാരും ഗവണ്മെന്റിന്റെ ആരോഗ്യ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്. നിയം നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് നാല്പതോളം ജിപിമാര്‍ വാക്ക്ഔട്ട് നടത്തിയിരുന്നു. അബോര്‍ഷന്‍ നിയമങ്ങള്‍ ലഘൂകരിക്കപ്പെടുന്നത് വ്യാപകമായ ദുരുപയോഗം വരുത്തിവെയ്ക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

 

 

 

 

 

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: