ഗര്‍ഭഛിദ്രം നിയമം നടപ്പിലാക്കാന്‍ നാല് ആഴ്ച കൂടി; ഒരുക്കങ്ങള്‍ പൂര്‍ത്തിയായില്ല; ചോദ്യം ചെയ്ത് ഐറിഷ് ഡോക്ടര്‍മാര്‍

ഡബ്ലിന്‍: ജനുവരി ഒന്ന് മുതല്‍ രാജ്യത്ത് ഗര്‍ഭഛിദ്രം നിയമവിധേയവും സൗജന്യവും ആക്കുന്ന വിധി നടപ്പാക്കാനിരിക്കെ ഇതിനെതിരെ പ്രതികരിച്ച് ഒരുകൂട്ടം ഐറിഷ് ഡോക്ടര്‍മാര്‍. നിയമം നടപ്പിലാക്കാന്‍ നാല് ആഴ്ചകള്‍ മാത്രം ശേഷിക്കെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്റ്റീഷണേഴ്സ്( ICGP) യോഗത്തിലാണ് നാല്പതോളം ജിപിമാര്‍ വാക്ക്ഔട്ട് നടത്തിയത്. ഇത്തരം ഒരു ഭേദഗതി കൊണ്ടുവരുമ്പോള്‍, അതിനു ആവശ്യമായ സൌകര്യങ്ങള്‍ ഇതുവരെ സജ്ജമായിട്ടില്ല എന്നാണ് പലരുടെയും പരാതി. പരിശീലനം ലഭിച്ച ഡോക്ടര്‍മാരുടെ അഭാവവും സുരക്ഷിതമായ സൗകര്യങ്ങളുടെ കുറവും നിയമം നടപ്പിലാക്കാന്‍ തടസ്സമാകുന്നുണ്ട്. ഗര്‍ഭഛിദ്ര സേവനം നല്‍കില്ല എന്ന് നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

2019 ജനുവരി ഒന്ന് മുതലാണ് ഐറിഷ് ഹെല്‍ത്ത് സര്‍വീസുകളില്‍ നിയമപരമായി ഗര്‍ഭഛിദ്രം ചെയ്യാന്‍ തുടങ്ങുന്നത്. ”ഇത്തരം സാഹചര്യങ്ങളില്‍ വേണ്ട സൌകര്യവും ആളുകളും , അതുപോലെ തന്നെ ഉദ്യോഗാര്‍ത്ഥികളും, അവര്‍ക്ക് നല്‍കേണ്ട പരിശീലനവും സൗകര്യങ്ങളും, ഇവയെകുറിച്ചെല്ലാം ആശങ്ക ഉണ്ട്,” ഐറിഷ് കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണര്‍മാരുടെ വൈസ് പ്രസിഡന്റ് ഡോ. മേരി ഫാവിയര്‍ പറഞ്ഞു. ഗര്‍ഭഛിദ്രം നടത്താന്‍ കത്തോലിക സ്ഥാപനങ്ങള്‍ ഒന്നും ഇനിയും തയ്യാറല്ല. പ്രോലൈഫ് പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ക്ക് പുറമെയുള്ളവരും ഇക്കാര്യം സമ്മതിക്കുന്നുണ്ടെന്ന് കില്ലര്‍ണിയിലെ ജിപിയായ ഡോ. ആന്‍ഡ്രൂ ഒ’ റീഗന്‍ സാക്ഷ്യപ്പെടുത്തുന്നു. ICGP ബോര്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി മറ്റൊരു ഡോക്ടര്‍ കിര്‍സ്റ്റന്‍ ഫുള്ളര്‍ പറഞ്ഞു.

അമ്മയുടെയോ ഗര്‍ഭസ്ഥ ശിശുവിന്റെയോ മാനസികമോ ശാരീരികമോ ആയ പ്രശ്‌നങ്ങള്‍ ശ്രദ്ധില്‍പ്പെട്ടാല്‍ 12 ആഴ്ച വരെ ഗര്‍ഭഛിദ്രം അനുവദിക്കാമെന്നാണ് നിയമ ഭേദഗതി. ഏതെങ്കിലും ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കാന്‍ വിസമ്മതിച്ചാല്‍ പകരം മറ്റൊരു ഡോക്ടര്‍ക്ക് റഫര്‍ ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, കത്തോലിക്കാ രാജ്യമെന്ന നിലയില്‍ കടുത്ത എതിര്‍പ്പുകളാണ് ഭേദഗതിക്കെതിരേ രാജ്യത്ത് ഉയരുന്നത്. എതിര്‍ക്കുന്നവരില്‍ ഡോക്ടര്‍മാരും ഉള്‍പ്പെടുന്നു. ഒരു കൂട്ടം നേഴ്‌സുമാരും മിഡ്വൈഫുമാരും ഇതിനെ പിന്താങ്ങുന്നുണ്ട്. താത്പര്യമില്ലാത്ത ഡോക്ടര്‍മാര്‍ ഗര്‍ഭഛിദ്രം നടത്തിക്കൊടുക്കേണ്ട എന്നും ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.

കഴിഞ്ഞ മെയില്‍ നടന്ന ദേശീയ റെഫറണ്ടത്തിന്റെ നിര്‍ണായകമായ ഫലമാണ് എട്ടാം ഭേദഗതിയുടെ നീക്കത്തില്‍ ദൃശ്യമായതെങ്കിലും എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു തീരുമാനം എന്നത് ഇപ്പോഴും വ്യക്തമല്ല. എന്തുതന്നെ ആയാലും ആദ്യത്തെ 12 ആഴ്ചകള്‍ വരെ ഗര്‍ഭഛിദ്രം നടത്താനുള്ള നിയമസാധ്യതയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ അത്ര സ്വാഭാവികമല്ലെങ്കിലും പലപ്പോഴും ചെറിയ അശ്രദ്ധ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്.  കൃത്യമായി പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ ഗര്‍ഭഛിദ്രം നടത്തുന്നതിന് വേണ്ടി കണ്ടെത്തേണ്ടിവരുമെന്ന് സര്‍ക്കാര്‍ നിലപാടുകളെ അംഗീകരിക്കുന്നവര്‍ തന്നെ പറയുന്നു. ഫാര്‍മസിസ്റ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്‌സ്, നഴ്‌സസ് & മിഡ്വൈവ്‌സ് 4 ലൈഫ് അയര്‍ലണ്ട് തുടങ്ങിയ ആരോഗ്യ സംഘടനകളും, നൂറുകണക്കിന് ജിപിമാരും ഗവണ്മെന്റിന്റെ ആരോഗ്യ ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: