ക്ലബ് ലോകകപ്പില്‍ മുത്തമിട്ട് ബാഴ്‌സ

യോക്കോഹാമ : റിവര്‍പ്ലേറ്റിനെ മറുപടിയില്ലാത്ത 3 ഗോളിന് മുക്കി ബാഴ്‌സയ്ക്ക് ക്ലബ് ലോകകപ്പ് കിരീടം. പ്രതിരോധത്തിലൂന്നി കളിച്ച റിവര്‍പ്ലേറ്റിനെ പരാജയത്തിന്റെ കയ്പ്പുനീര് കുടിപ്പിച്ചത് മെസിയും സുവാരസും. ഒരിക്കല്‍ കൂടി ബാഴ്‌സലോണയുടെ മെസി-നെയമര്‍-സുവാരസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക് വിജയം സമ്മാനിച്ചു. ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത് മെസിയാണെങ്കിലും ഇരട്ട ഗോളുകള്‍ നേടി ബാഴ്‌സയുടെ വിജയം ഉറപ്പിച്ചത് ലൂയി സുവാരസ് ആയിരുന്നു. വിജയത്തോടെ ബാഴ്‌സ തങ്ങളുടെ മൂന്നാം ക്ലബ് ലോകകപ്പ് കീരിടം ഉയര്‍ത്തി.

36-ാം മിനിറ്റില്‍ നെയ്മര്‍ നല്കിയ പാസില്‍ നിന്ന് മെസ്സി സമ്മാനിച്ച ഗോളാണ് ബാഴ്‌സയ്ക്ക് വിജയത്തിലേക്കുള്ള വഴിവെട്ടിയത്. ഒരു ഹാന്റ്‌ബോള്‍ സ്പര്‍ശം സംശയിച്ച ഗോളില്‍ റഫറി ബാഴ്‌സയ്‌ക്കൊപ്പം നിന്നു. അതോടെ ദക്ഷിണ അമേരിക്കന്‍ ചാംപ്യന്‍മാര്‍ക്ക് ആത്മവിശ്വാസം ചോര്‍ന്നു തുടങ്ങിയിരുന്നു. തുടക്കത്തില്‍ മികച്ച കളി പുറത്തെടുത്ത റിവര്‍പ്ലേറ്റ് പിന്നീട് നിറംമങ്ങി. ആദ്യ പകുതിയില്‍ 1-0 ന്റെ ലീഡ് നേടി പിരിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതി സുവാരസിന്റേതായിരുന്നു. മെസിയെ റിവര്‍പ്ലേറ്റ് നോട്ടമിട്ടതോടെ നെയ്മറും സുവാരസും ഗോല്‍വേട്ടയ്ക്കു മുന്നിട്ടിറങ്ങി. രണ്ടാം പകുതിയുടെ നാലാം മിനിറ്റിലും 68-ാം മിനിറ്റിലും സുവാരസ് ലക്ഷ്യം കണ്ടു. ടീമിന് വിജയം സമ്മാനിച്ചതിനൊപ്പം ടോപ് സ്‌കോററിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരവും സുവാരസ് സ്വന്തമാക്കി.

ഡി

Share this news

Leave a Reply

%d bloggers like this: