ക്രിസ്മസ് – ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാല്‍ അകത്താകും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്ന വൈന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് ശിക്ഷാര്‍ഹമായിരിക്കുമെന്ന് എക്സൈസ് വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നു. ക്രിസ്മസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും എക്സൈസ് സര്‍ക്കുലറില്‍ പറയുന്നുണ്ട്.

വീടുകളില്‍ ഇനി മുതല്‍ വൈന്‍ നിര്‍മ്മിച്ചാല്‍ അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് എക്സൈസ് ഓര്‍മ്മിപ്പിക്കുന്നു. ഹോംമെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഇപ്പോഴത്തെ ഈ മുന്നറിയിപ്പ്. വൈന്‍ നിര്‍മ്മിക്കാന്‍ പാടില്ലെന്ന സര്‍ക്കുലര്‍ ഇറങ്ങിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരം വേളിയില്‍ വൈനും വൈന്‍ ഉണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും അടക്കം നാല്‍പത് ലീറ്റര്‍ എക്സൈസ് പിടികൂടി.

ഇതോടൊപ്പം, അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യനിര്‍മ്മാണം ആഘോഷാവസരങ്ങളില്‍ കൂടി വരാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം തന്നെ ഒരുക്കും. കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഒപ്പം അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാതലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികളും സ്വീകരിച്ചേക്കും. ഇതിനായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും

Share this news

Leave a Reply

%d bloggers like this: