ക്രിസ്മസിന് മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഗാര്‍ഡയുടെ പിടി വീഴും

ഡബ്ലിന്‍ : അയര്‍ലന്റിലെ തെരുവുകള്‍ ക്രിസ്മസ് ലഹരിയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ക്രിസ്മസ് അടുത്താല്‍ ആഘോഷങ്ങളും കൂടും. ആഘോഷത്തിന്റെ ഭാഗമായി മദ്യപിക്കുന്നവരും കുറവല്ല. എന്നാല്‍ ഈ ക്രിസ്മസ് സീസണില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കൈയോടെപിടികൂടാന്‍ ഗാര്‍ഡയും രംഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്രിസ്മസ്-പുതുവത്സര സുരക്ഷാ ക്യാംപെയ്‌ന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചിരുന്നു. റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. പരിശോധനക്കായി കൂടുതല്‍ ചെക്കിങ് പോയിന്റുകള്‍ സ്ഥാപിക്കുമെന്നും പിടിക്കപ്പെടുന്നവരെ ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സാധാരണയായി വൈകുന്നേരങ്ങളില്‍ മാത്രം നടത്തിവരാറുള്ള ഡ്രിങ്ക് ഡ്രൈവിങ് പരിശോധനയാണ് ഇനി രാവിലെ മുതല്‍ ആരംഭിക്കുന്നത്. ക്രിസ്മസ് സീസണോടനുബന്ധിച്ച് അടുത്ത ആറാഴ്ചത്തേക്ക് ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കുകയാണെന്ന് ചീഫ് സൂപ്രണ്ട് വ്യക്തമാക്കി. ചെറിയ തോതിലുള്ള മദ്യപാനം പോലും ഒരാളുടെ ഡ്രൈവിങിനെ ബാധിക്കുമെന്നും ഇതില്‍ സ്ത്രീ പുരുഷ ഭേദമില്ലെന്നും റോഡ് സേഫ്റ്റി അധികൃതര്‍ അറിയിക്കുന്നു.

തലേദിവസത്തെ ആഘോഷം കഴിഞ്ഞു വരുന്നവരെപോലും കുടുക്കുന്ന രീതിയിലാണ് പുതിയ ഡ്രിങ്ക് ഡ്രൈവിങ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. രാവിലത്തെ ഹാംഗ് ഓവര്‍ പോലും ഡ്രിങ്ക് ഡ്രൈവിങ് ലിമിറ്റ് കവിഞ്ഞതാകുന്ന തരത്തില്‍ പല കേസുകളും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിസ്മസിനോടനുബന്ധിച്ച് ഇത്തരം പരിശോധനകള്‍ രാവിലെ മുതല്‍ തുടങ്ങുമെന്നുമാണ് ഗാര്‍ഡ അറിയിപ്പ്. രാജ്യമെമ്പാടും ഇത്തരത്തില്‍ പരിശോധന ചെക്ക് പോയിന്റുകള്‍ കൂടുതലായി നടപ്പാക്കുമെന്നും ഗാര്‍ഡ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

ക്രിസ്മസ്, ന്യൂഇയര്‍ സുരക്ഷാ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യവേയാണ് ചീഫ് സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. റോഡ് ട്രാഫിക് കുറ്റകൃത്യത്തിന് പിടിയിലാകുന്ന ഏവരേയും ബ്രീത്ത് ടെസ്റ്റിന് വിധേയമാക്കാന്‍ ഗാര്‍ഡയ്ക്ക് അധികാരമുണ്ടെന്നും സൂപ്രണ്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 12 മാസത്തിനിടയില്‍ പത്തില്‍ ഒരു ഡ്രൈവര്‍ എന്ന നിലയില്‍ ഡ്രിങ്ക് ഡ്രൈവിംഗിന് പിടിയിലായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മദ്യപിച്ച് വാഹനമോടിക്കുന്നുവെന്ന് സംശയത്തില്‍ ആറായിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പുരുഷന്മാരാണെന്നും ഇതില്‍ പകുതിയോളം അറസ്റ്റ് നടന്നിട്ടുള്ളത് ശനിയാഴ്ചയും ഞായറാഴ്ചയുമാണെന്നുമാണ് റിപ്പോര്‍ട്ട്. റോഡപകടങ്ങളില്‍ ഈ വര്‍ഷം ഇതുവരെ 136 ജീവനുകള്‍ പൊലിഞ്ഞതായാണ് കണക്കുകള്‍.

എ എം

Share this news

Leave a Reply

%d bloggers like this: